യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന വേണമെന്നത് എയര്‍ ഇന്ത്യ എക്‌സ്പ്രസും ഒഴിവാക്കി. ഇന്ത്യയില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്കാണ് ഇതിന്റെ പ്രയോജനം
ദുബായ് : ഇന്‍ഡിഗോ, ഗോഎയര്‍, സ്‌പൈസ് ജെറ്റ് എന്നിവര്‍ക്ക് പിന്നാലെ എയര്‍ ഇന്ത്യാ എക്‌സ്പ്രസും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കോവിഡ് നിയന്ത്രണത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
ഇന്ത്യയില്‍ നിന്ന് രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഈ ഇളവ്. അതേസമയം, യുഎഇ വിമാനക്കമ്പനികള്‍ ഇതുവരെ ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചിട്ടില്ല.
ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വീസയിലെത്തി തിരിച്ചു പോകുന്നവര്‍ക്കായിരിക്കും ഇത് ഏറെ പ്രയോജനം ചെയ്യുക.
യുഎഇ റസിഡന്‍സ് വീസയുള്ളവര്‍ സിനോഫാം പോലുള്ള വാക്‌സിനാണ് എടുത്തിട്ടുള്ളത്. ഇവര്‍ യാത്ര പുറപ്പെടും മുമ്പ് 72 മണിക്കൂറിനകമുള്ള പിസിആര്‍ പരിശോധന ഫലത്തിന്റെ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കേണ്ടതാണ്.
ന്യൂഡെല്‍ഹി വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിലെ എയര്‍സുവിധ എന്ന പേജില്‍ തങ്ങളുടെ സര്‍ട്ടിഫിക്കേറ്റുകള്‍ എല്ലാ യാത്രക്കാരും അപ് ലോഡ് ചെയ്യണം. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റും പതിനാലു ദിവസത്തെ യാത്രാ വിവരങ്ങളും എയര്‍ സുവിധ പേജില്‍ അപ് ലോഡ് ചെയ്യണം.
നേരത്തെ, യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുമ്പോള്‍ ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമായിരുന്നു. ഇതൊഴിവാക്കിയതിനുപിന്നാലെയാണ് കോവിഡ് പിസിആര്‍ നെഗറ്റീവ് ഇളവും നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫ്‌ക്കേറ്റും വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് പിസിആറും എടുക്കണമെന്ന നിബന്ധനയില്‍ മാറ്റമില്ല.