ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ നെറ്റ് വര്‍ക്കായ ഇത്തിഹാദ് റെയില്‍ വേയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. യുഎഇയിലെ എമിറേറ്റ്‌സുകളേയും ബന്ധിപ്പിക്കുന്ന പദ്ധതി
അബുദാബി : ജിസിസി രാജ്യങ്ങളിലെ ചരക്കു ഗതാഗതം സുഗമമാക്കുന്നതിനായി രൂപകല്പന ചെയ്ത ഇത്തിഹാദ് റെയില്‍ വേ യുഎഇയിലെ ഏഴ് എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുന്നു.
അബുദാബി ആസ്ഥാനമായ ഇത്തിഹാദ് റെയില്‍ വേ ചരക്ക് ഗതാഗതത്തിനൊപ്പം പാസഞ്ചര്‍ സര്‍വ്വീസും തുടങ്ങുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിക്കുന്നത്.
ഇത്തിഹാദ് റെയില്‍ വേയുടെ ആദ്യ ഘട്ടം സൗദി അതിര്‍ത്തിയിലെ ലിവ, ഷാ യില്‍ നിന്നും തുറുമുഖ നഗരമായ റുവൈസിലേക്കുള്ള 264 കിലോ മീറ്റര്‍ ദുരം 2016 ല്‍ പൂര്‍ത്തിയാക്കി.
രണ്ടാം ഘട്ടമായ 605 കിലോമീറ്റര്‍ പാത സൗദി അതിര്‍ത്തിയായ ഘുവെഫതില്‍ നിന്ന് യുഎഇയുടെ കിഴക്കന്‍ എമിറേറ്റായ ഫുജൈയ്‌റയിലേക്കുള്ളതാണ്. ഇതിന്റെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായി വരുന്നത്.
1200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാകും ഇത്തിഹാദ് നെറ്റ് വര്‍ക്കിലുണ്ടാകുക. ചരക്കു തീവണ്ടികള്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാകും സഞ്ചരിക്കുക. ഇതിനൊപ്പം പാസഞ്ചര്‍ സേവനം കൂടി നടപ്പിലാകും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളാകും ഇതിനായി പരിഗണിക്കുന്നത്.
അബുദാബിയില്‍ നിന്നും ദുബായിലേക്ക് ഒന്നര മണിക്കൂര്‍ നീളുന്ന യാത്രയാണ് റോഡ് മാര്‍ഗം നിലവിലുള്ളത്. ഇതിനു ബദലായി 50 മിനിറ്റ് കൊണ്ട് എത്തുന്ന സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വ്വീസാണ് പരിഗണനയില്‍.
ഗുഫൈഫത്ത്, മുസഫ, കിസാദ് ഖാലിദ്, ജബല്‍ അലി, ദുബായ്, ഷാര്‍ജ, റാസല്‍ ഖൈമ, ഫ്യുജൈറ എന്നിവടങ്ങള്‍ വഴിയാണ് ഇത്തിഹാദ് റെയില്‍ വേ കടന്നു പോകുന്നത്. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ വേ ലൈനുകളും ഇതിനൊപ്പം പരിഗണനയിലുണ്ട്.
വടക്കന്‍ എമിറേറ്റുകളിലെ പാലങ്ങളുടേയും തുരങ്കങ്ങളുടേയും നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു.
ജിസിസി രാജ്യങ്ങളെ തമ്മില്‍ ഭാവിയില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും നിലവില്‍ സൗദി അറേബ്യയിലും യുഎഇയിലും ഉള്ള പാതകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്.













