കുവൈത്തിലെ ഭരണഘടനാ കോടതിയുടേതാണ് തീരുമാനം. നടപടിയെ സ്വാഗതം ചെയ്ത് ആനംസ്റ്റി ഇന്റര്‍നാഷണല്‍
കുവൈത്ത് സിറ്റി : എതിര്‍ലിംഗക്കാരുടെ വസ്ത്രധാരണ രീതി അനുകരിക്കുന്നത് കുറ്റകൃത്യവും ശിക്ഷാര്‍ഹവുമായി പരിഗണിക്കുന്ന നിയമം റദ്ദ് ചെയ്ത് കുവൈത്ത് ഭരണഘടനാ കോടതി.
2007 ല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയമപ്രകാരം എതിര്‍ ലിംഗക്കാരുടെ വേഷവിധാനം അണിഞ്ഞ് പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ശിക്ഷാര്‍ഹമായിരുന്നു.
ആര്‍ട്ടിക്കിള്‍ 198 എന്ന പേരിലാണ് ഈ നിയമം അറിയപ്പെട്ടിരുന്നത്. തിരിച്ചറിയല്‍ കാര്‍ഡില്‍ കാണിച്ചിരിക്കുന്ന ലിംഗ നിര്‍ണയവിവരങ്ങള്‍ക്ക് വിരുദ്ധമായി വേഷ പ്രച്ഛന്നരായി നടക്കുന്നതിനെ ക്രമിനല്‍വല്‍ക്കരിക്കുന്നതായിരുന്നു നിയമം.
ഇത് പ്രകാരം ആളുകളെ അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും പോലീസിന് അധികാരം ലഭിക്കുമായിരുന്നു.
ആംനസ്റ്റി പോലുള്ള സംഘടനകള്‍ പുതിയ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ലൈംഗിക അവകാശങ്ങള്‍ക്കുമേലുള്ള വിജയമായി ഇതിനെ കാണുന്നതായി പല ഭിന്നലിംഗ സംഘടനകളും അഭിപ്രായപ്പെട്ടു.
2007 മെയിലാണ് കുവൈത്ത് പാര്‍ലമെന്റ് പൊതു ഇടങ്ങളില്‍ എതിര്‍ലിംഗ വസ്ത്രധാരണവുമായി എത്തുന്നവര്‍ സഭ്യേതരമായ ആംഗ്യങ്ങള്‍ കാണിക്കുന്നതും മറ്റും തടഞ്ഞുകൊണ്ട് ആര്‍ട്ടിക്കിള്‍ 198 ഭേദഗതി ചെയ്തത്. ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം എന്ന നിലയിലാണ് നിയമം പരിഷ്‌കരിച്ചത്.













