തുളസി പ്രസാദ്
ഇന്ത്യന്‍ ജനാധിപത്യ സംവിധാനങ്ങളെയെല്ലാം നിശ്ചലമാക്കിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 45 വര്‍ഷം പിന്നിടുമ്പോള്‍ ഇന്നും മലയാളക്കര മറക്കാത്തൊരു പേരുണ്ട്- രാജന്‍. രാജന്‍റെ മരണത്തിന് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛന്‍ ഈച്ചരവാര്യര്‍ എഴുതിയ പുസ്തകമാണ് ‘ഒരച്ഛന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍’. ഈ ഓര്‍മക്കുറിപ്പ് ഒരച്ഛന്‍ തന്‍റെ മകനെ ഓര്‍ക്കുന്നതിനോടൊപ്പം, രാജ്യം നിശ്ചലമായ ആ കെട്ടകാലത്തിന്‍റെ ഓര്‍പ്പെടുത്തല്‍ കൂടിയാണ്.
1975 ജൂണ്‍ 25, രാത്രി 11.35ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് ഒപ്പിട്ടതോടെ രാജ്യം നിശ്ചലമായി. 18 മാസത്തോളം നീണ്ടുനിന്ന അടിയന്തരാവസ്ഥ ഇന്നും വിവാദ വിഷയമാണ്. അടിയന്തരാവസ്ഥ കാലത്ത് നക്‌സല്‍ എന്നാരോപിച്ചായിരുന്നു കോഴിക്കോട് റീജിയണല്‍ എഞ്ചിനീറിങ് കോളേജില്‍ നിന്ന് അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന രാജനെ പോലീസ് പിടിച്ചത്. സംശയം തോന്നിയവരെയൊക്കെ കസ്റ്റഡിയില്‍ എടുക്കുന്ന കാലമായിരുന്നു അത്. തന്‍റെ മകന് എന്തുസംഭവിച്ചു..? അവന്‍ ജീവനോടെ ഉണ്ടോ, അതോ മരിച്ചോ..?? മരിച്ചെങ്കില്‍ എങ്ങനെ അത് സംഭവിച്ചു…?? അവന്റെ മൃതദേഹം എന്തുചെയ്തു തുടങ്ങി നിരവധി ചോദ്യങ്ങളുമായി ഈച്ചരവാര്യര്‍ തന്‍റെ പോരാട്ടം ആരംഭിച്ചു.
കേരളത്തില്‍ ആദ്യമായി ഒരു ഹേബിയസ് കോര്‍പ്പസ് റിട്ട് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതും രാജനുവേണ്ടി ഈച്ചരവാര്യര്‍ ആയിരുന്നു. രാജന്‍റെ തിരോധാനത്തിനെതിരെ ഈച്ചരവാര്യര്‍ നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ അന്നത്തെ ആഭ്യന്ത്രമന്ത്രി കെ.കരുണാകരന് മന്ത്രിസ്ഥാനം വിട്ടൊഴിയേണ്ടി വന്നു. ഈച്ചരവാര്യര്‍ പോരാട്ടങ്ങള്‍ തുടര്‍ന്നെങ്കിലും രാജന്‍റെ പ്രതികള്‍ എന്ന് കരുതപ്പെട്ടവര്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. പോലീസ് കസ്റ്റഡിയില്‍വച്ച് രാജന്‍ കൊല്ലപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തകര്‍ത്തെറിഞ്ഞത് ഒരച്ഛന്റെ പ്രതീക്ഷകള്‍ കൂടിയായിരുന്നു. 45 വര്‍ഷങ്ങള്‍ കടന്നുപോയിട്ടും സ്വന്തം മകനുവേണ്ടി ആ അച്ഛന്‍ നടത്തിയ പോരാട്ടങ്ങള്‍ ഇന്നും ഒരു നീറ്റലായി അവശേഷിക്കുന്നു.
രാജന്റെ അച്ഛന്‍ പ്രൊഫ.ടി.വി.ഈച്ചരവാരിയര്‍ എഴുതിയ ‘ഒരച്ഛന്‍റെ ഓര്‍മക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലെ ചില വരികള്‍.
“എന്‍റെ വഴി അവസാനിക്കുകയാണ്. കര്‍ക്കിടകത്തില്‍ ഇരമ്പിപ്പെയ്തു വീണ ഒരു മഴയുടെ തോര്‍ച്ച വളരെ അടുത്താണ്. ഈ മഴ എനിക്കുവേണ്ടി പലരും കൂടെ നനഞ്ഞു എന്നതാണ് എന്‍റെ സാഫല്യം. എന്നും ഞാനിത് ഒരു അനശ്വര നിര്‍മാല്യം പോലെ ചേര്‍ത്തു പിടിക്കുന്നു.
രാജന്‍ നന്നായി പാടുമായിരുന്നു. അവന്‍ അവന്‍റെ അമ്മ പറയുമ്പോഴേ പാടുമായിരുന്നുള്ളൂ എന്ന് ഞാനെഴുതിയപ്പോള്‍ എന്‍റെ പെണ്‍കുട്ടികള്‍ പിണങ്ങി. രാജന്‍ അവര്‍ക്കുവേണ്ടിയും പാടിയിരുന്നുവത്രെ. എനിക്കുവേണ്ടി മാത്രം അവന്‍ പാടിയില്ല. അവന്‍റെ പാട്ടു കേള്‍ക്കാന്‍ എനിക്ക് സമയമുണ്ടായില്ല. അതുകൊണ്ട് മോശമായി റെക്കോര്‍ഡു ചെയ്യപ്പെട്ട തന്‍റെ പാട്ടുകള്‍ മരണം വരെ അച്ഛന്‍ കേട്ടിരിക്കണമെന്ന് അവന്‍ നിശ്ചയിച്ചു കാണണം.
ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈ കര്‍ക്കിടകത്തില്‍ മഴ തകര്‍ത്തു പെയ്യുന്നു. പെരുമഴ ശ്രീവിഹാറിനു മുകളില്‍ പെയ്തു വീഴുമ്പോഴൊക്കെ ഞാന്‍ മോനെ ഓര്‍ക്കുന്നു. പടിവാതില്‍ അടച്ചുപൂട്ടിയാലും ആരോ വന്ന് അതു തുറന്ന് പൂമുഖപ്പടിയില്‍ മുട്ടുന്നതുപോലെ ആത്മാവിന് പൂര്‍വജന്മബന്ധങ്ങളില്ല എന്നെഴുതുന്നത് ശരിയാവില്ല.
മഴ പൊഴിക്കുന്ന ഈ രാത്രിയില്‍ ഞാന്‍ അവന്‍റെ കാസറ്റിലാക്കിയ പാട്ടു വയ്ക്കുന്നു. മൂളുന്ന ടേപ്‌റെക്കോര്‍ഡിനൊപ്പം കളഞ്ഞുപോയ ഒരു ശബ്ദവീചിയെ ഞാന്‍ തൊട്ടെടുക്കാന്‍ ശ്രമിക്കുകയാണ്. പരുക്കനായ ഒരച്ഛനായതുകൊണ്ടുമാത്രം ഞാന്‍ കേള്‍ക്കാതെ പോയ പാട്ടുകള്‍കൊണ്ട് എന്‍റെ ഭൂമി നിറയുകയാണ്. പുറത്ത് മഴ നനഞ്ഞ് എന്‍റെ മകന്‍ നില്‍ക്കുന്നു.
പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു.എന്‍റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?
ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്‍റെ മകനെങ്കിലും അറിയട്ടെ.”











