കഴിഞ്ഞ നാല്‍പ്പതു മണിക്കൂറായി മലയിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന
യുവാവിനെ രക്ഷപ്പെടുത്താന്‍ പ്രത്യേക സൈനിക സംഘം ശ്രമം തുടരുന്നു.
പാലക്കാട് : മലമ്പുഴയിലെ ചെങ്കുത്തായ മലയിടുക്കില്‍ ട്രെക്കിംഗിനിടെ കാല്‍വഴുതി വീണ് കുടുങ്ങിപ്പോയ 23 കാരന്‍ ബാബുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന പ്രകാരം ബംഗലൂരില്‍ നിന്ന് പ്രത്യേകം പരിശീലനം സിദ്ധിച്ച സൈനിക സംഘവും മലമ്പുഴയില്‍ എത്തിയിട്ടുണ്ട്.
എവറസ്റ്റ് കൊടുമുടി താണ്ടിയ പരിചയമുള്ള 11 അംഗ പര്‍വ്വതാരോഹക സംഘവും ഈ ദൗത്യ സേനയിലുണ്ട്.
എന്നാല്‍, അപകടം നടന്ന് നാല്‍പ്പത് മണിക്കൂര്‍ പിന്നിടുമ്പോള്‍ ബാബുവിന്റെ സുരക്ഷയ്ക്കായി ഒരു നാടുമുഴുവന്‍ പ്രാര്‍്ത്ഥനയിലാണ്.
നേരത്തെ, എന്‍ഡിആര്‍ഫ് സംഘവും കൊച്ചിയില്‍ നിന്നുള്ള നാവിക സംഘവും രക്ഷാ ദൗത്യത്തിന് ശ്രമിച്ചെങ്കിലും പാതി വഴിയില്‍ ഉപദേശിച്ചു.
നാല്‍പതു മണിക്കൂറിലേറെയായി ജലപാനം ലഭിക്കാത്ത അവസ്ഥയിലാണ് ബാബു ഉള്ളത്. നേരത്തേ, ഡ്രോണ്‍ വഴി ഭക്ഷണം എത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രിയിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാണ്. കോടമഞ്ഞും ഇരുട്ടും തടസ്സമാണെങ്കിലും ഈ സാഹചര്യത്തിലും രക്ഷാ ദൗത്യം നടത്തി പരിചയമുള്ള സൈനിക സംഘത്തിലാണ് ഏവരുടേയും പ്രതീക്ഷ.
ചൊവ്വാഴ്ച രാത്രിയും ഫലം കണ്ടില്ലെങ്കില്‍ ബുധാനാഴ്ച രാവിലെയോടെ വ്യോമസേനയും രക്ഷാദൗത്യത്തില്‍ പങ്കുചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
നേരത്തെ. നാവിക സേനയുടെ ഹെലികോപ്റ്റര്‍ വഴി നടത്തി ശ്രമം കനത്ത കാറ്റുമൂലം ഉപേക്ഷിക്കുകയായിരുന്നു
മലമ്പുഴ ചേറാട് സ്വദേശിയായ ബാബു (23) സുഹൃത്തുക്കള്‍ക്കൊപ്പമാണ് അപകടകരമായ മല കയറാന്‍ പോയത്. ആനശല്യം മൂലം വനം വകുപ്പ് നിര്‍മ്മിച്ച ഫെന്‍സിംഗ് ചാടിക്കടന്നാണ് ബാബുവും സുഹൃത്തുക്കളും ചെങ്കുത്തായ മലകയറിയത്.
മലകയറുന്നതിനിടെ ബാബു കാല്‍വഴുതി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. മലയിടുക്കില്‍ പെട്ടതിനാല്‍ കൂടെ താഴേക്ക് പതിച്ചില്ല.
അപകടത്തില്‍പ്പെട്ടെങ്കിലും പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വഴി തനിക്ക് അപകടം പിണഞ്ഞകാര്യം ഫയര്‍ഫോഴ്‌സിനെ ബാബു തന്നെ വിളിച്ച് അറിയിക്കുകയായിരുന്നു. കാലിന് ഒടിവുള്ളതും പരിക്കു പറ്റിയതും വാട്‌സ്ആപ് വഴി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തു.
എന്നാല്‍, പിന്നീട് ഫോണിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്നതിനാല്‍ പിന്നീട് സന്ദേശങ്ങള്‍ അയയ്ക്കുകയോ സുഹൃത്തുക്കളുടെ ഫോണ്‍ വിളികള്‍ക്ക് മറുപടി പറയാനോ സാധിച്ചില്ല.
ബാബു മലയിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുള്ളതില്‍ നിന്ന് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് സൂചന. പകല്‍സമയത്തെ കനത്തു ചൂടും രാത്രിയിലെ മഞ്ഞും താങ്ങാന്‍ കഴിഞ്ഞാല്‍ ബുധനാഴ്ച ബാബുവിന്റെ രക്ഷ സാധ്യമാകുമെന്നാണ് പോലീസും ജില്ലാ ഭരണകൂടവും കരുതുന്നത്.