ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഒമാനില്‍ പുതിയ കോവിഡ് കേസുകള്‍ ആയിരം
അബുദാബി : ജിസിസി രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ക്ക് ഇനിയും ശമനമില്ല. തിങ്കളാഴ്ച സൗദി അറേബ്യയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,505 ആയി.
കുവൈത്തിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇതാദ്യമായി 5000 കടന്നു. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് രാജ്യത്ത് 5,147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കുവൈത്തിലെ നിയമ വകുപ്പ് മന്ത്രി ജമാല്‍ അല്‍ ജലാവിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഐസലൊഷനില്‍ പ്രവേശിച്ചു.
അതിനിടെ, കുവൈത്തില്‍ എത്തുന്ന വിമാന യാത്രികര്‍ക്ക് പത്തു ദിവസം ക്വാറന്റൈന്‍ എന്ന നിബന്ധനയില്‍ ഇളവ് നല്‍കിയിട്ടുമുണ്ട്. ഇനി മുതല്‍ കുവൈത്തില്‍ എത്തുന്ന യാത്രികര്‍ മൂന്നാംദിനം നടത്തുന്ന കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ അവര്‍ക്ക് പിന്നീട് ക്വാറന്റൈന്‍ ആവശ്യമില്ലെന്നാണ് പുതിയ നിയമം.
ഒമാനില്‍ കഴിഞ്ഞ കുറെ നാളായി കുറഞ്ഞു നിന്നിരുന്ന കോവിഡ് കേസുകള്‍ പൊടുന്നനെ വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,113 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിരച്ചത്. അതേസമയം, പുതിയ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.












