ക്രൂഡോയില്‍ വില വര്‍ദ്ധനവിലെ നേട്ടം കൊയ്ത് ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കുന്നു.
അബുദാബി : പെട്രോളിയം കയറ്റുമതിയെ ആശ്രയിച്ചുള്ള ഗള്‍ഫ് ഇക്കണോമിക്ക് എണ്ണവിലയില്‍ ഉണ്ടായ മാറ്റം ഗുണകരമാകുന്നു.
മേഖലയില്‍ ബഹ്‌റൈന്‍, യുഎഇ എന്നിവയൊഴിച്ചുള്ള രാജ്യങ്ങളില്‍ 2021 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചയില്‍ മികവ് രേഖപ്പെടുത്തി.
റിയല്‍ എസ്റ്റേറ്റ്, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളെ കൂടുതല്‍ ആശ്രയിക്കുന്ന ബഹ്‌റൈനിലും യുഎഇയിലും 2019 നേക്കാള്‍ കുറവാണ് ജിഡിപി വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നതെന്ന് എസ്ആന്‍ഡ് പി ഗ്ലോബല്‍ വിശകലനത്തില്‍ പറയുന്നു.
ക്രൂഡോയില്‍ വില 2022 ല്‍ ശരാശരി ബാരലിന് 65 ഡോളര്‍ എന്ന നിലയിലായിരിക്കുമെന്നാണ് എസ്ആന്‍ഡിപിയുടെ വിലയിരുത്തല്‍. എന്നാല്‍, ബാരലിന് 100 ഡോളര്‍ എന്ന മാജിക് നമ്പര്‍ താമസിയാതെ മറികടക്കുമെന്നും ചില റേറ്റിംഗ് ഏജന്‍സികള്‍ പ്രവചിക്കുന്നു.
വിദേശ കടം ഏറ്റവും കൂടുതലുള്ള ഖത്തറിന് ആശങ്കപ്പെടാന്‍ ചില കാരണങ്ങളുണ്ടെങ്കിലും ശക്തമായ മൂലധനസമാഹരണവും സര്‍ക്കാര്‍ പിന്തുണയും ഇക്കണോമിക്ക് ഗുണകരമാകുമെന്നാണ് എസ്ആന്‍ഡ് പിയുടെ വിലയിരുത്തല്‍.
ക്രൂഡോയില്‍ വില കഴിഞ്ഞ രണ്ടുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ബ്രന്റ് ക്രൂഡോയില്‍ വില ബാരലിന് 85 ഡോളറിനടുത്ത് എത്തിയിരുന്നു. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 82 ഡോളറിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്.
ക്രൂഡോയില്‍ വില താമസിയാതെ ബാരലിന് 100 ഡോളറില്‍ എത്തുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു. അതേസമയം, ഒപെക് ഇപ്പോള്‍ ഇത് ആഗ്രഹിക്കുന്നില്ലെന്ന് ഒമാന്‍ ഓയില്‍ വകുപ്പ് മന്ത്രി മൊഹമദ് അല്‍ റൂമി പറഞ്ഞു ലോകം ഇതിന് തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ വ്യാപനം ഉണ്ടെങ്കിലും എണ്ണ ഡിമാന്‍ഡ് അതിനെ അതിജീവിച്ചതാണ് വിപണിയെ ഉണര്‍ത്തിയത്.