കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ പ്രവാസി സമൂഹത്തെ വേട്ടയാടുന്നതില്‍ പ്രതിഷേധം കനക്കുന്നു
ദുബായ് : കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികള്‍ക്കെതിരെ വിവേചനപരമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ വന്‍ പ്രതിഷേധം ഉയരുന്നു.
കോവിഡ് വ്യാപനം കൂടുന്നതില്‍ പ്രവാസികള്‍ മാത്രമാണ് ഉത്തരവാദിയെന്ന തരത്തിലാണ് സര്‍ക്കാരുകള്‍ ക്വാറന്റൈന് നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് പ്രവാസി സംഘടനകള്‍ കുറ്റപ്പെടുത്തുകയാണ്.
അശാസ്ത്രീയമായ തീരുമാനമാണിത്. നാട്ടില്‍ വന്നിറങ്ങുന്ന പ്രവാസികള്‍ ഏറെയും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരുന്നവരാണ്. ഹൈ റിസ്ക് രാജ്യങ്ങളല്ല ഇവയൊന്നും. യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ശക്തമായ പ്രതിരോധ സംവിധാനങ്ങളും കോവിഡ് മാനദണ്ഡങ്ങളും ശക്തമായും ഫലപ്രദമായും നടപ്പിലാക്കുന്നുമുണ്ട്.
ഇന്ത്യയില്‍ നിന്നും ഗള്‍ഫിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റൈനില്ലാത്ത സാഹചര്യത്തില്‍ ഇവിടെ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് ഏഴു ദിവസം ക്വാറന്റൈന് വേണമെന്ന് പറയുന്നതിലെ യുക്തിയാണ് പ്രവാസ ലോകത്തിന് മനസിലാകാത്തത്.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. ഇവിടെ കര്‍ശനമായ നിയമങ്ങളും നടപ്പിലുണ്ട്. എന്നാല്‍, കേരളം ഉള്‍പ്പടെ ഒരു സംസ്ഥാനത്തും കോവിഡ് മാനദണ്ഡങ്ങള്‍ ആരും തന്നെ പാലിക്കുന്നില്ല.
കഴിഞ്ഞ ദിവസം എടപ്പാള്‍ പാലം ഉദ്ഘാടന വേളയില്‍ മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പാര്‍ട്ടി അനുഭാവികളും കോവിഡ് മാനദണ്ഡം പാലിക്കാതെ കൂട്ടംകൂടി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കേരളത്തില്‍ രാഷ്ട്രീയക്കാര്‍ക്കും മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇല്ലാത്ത കോവിഡ് പ്രോട്ടോക്കോള്‍ പ്രവാസികള്‍ പാലിക്കണമെന്ന് പറയുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്.
ഇത്തരം നിയന്ത്രണങ്ങളുമായി സഹകരിക്കുന്നവരാണ് പ്രവാസികള്‍, എന്നാല്‍, തങ്ങളെ മാത്രം ലക്ഷ്യമിട്ടാകരുത് നിയന്ത്രണങ്ങളെന്ന് യുഎഇ കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു. കോവിഡ് വിഷയത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്നും കോവിഡ് വ്യാപനത്തിന് കാരണം പ്രവാസികളാണെന്ന മിഥ്യാധാരണ മാറ്റണമെന്നും കെഎംസിസി ഭാരവാഹികളായ പുത്തുര്‍ അബ്ദുള്‍ റഹ്മാനും പി കെ അന്‍വര്‍ നഹയും പറഞ്ഞു.
പ്രവാസികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വരുന്നവരാണ്. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കേറ്റും മറ്റു രേഖകളുമായി വരുന്നവരെ മുറിക്കുള്ളില്‍ അടച്ചിരുത്തിയിട്ട് നാട്ടില്‍ രാഷ്ട്രീയക്കാര്‍ക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥകര്‍ക്കും നാട്ടുകാര്‍ക്കും മുഖാവരണവും സാമൂഹിക അകലവും ഇല്ലാതെ പുറത്ത് ഇറങ്ങാമെന്ന നിയമത്തെ ചോദ്യം ചെയ്യപ്പെടുമെന്ന് ഒഐസിസി ഗ്ലോബല്‍ സമിതി നേതാവ് അഡ്വ ആഷിക് പറഞ്ഞു.
കേന്ദ്രത്തിന്റെ പൊതുമാനദണ്ഡത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വിവേചനാധികാരമുണ്ടെന്നും വിമാനയാത്ര ചെയ്ത് വരുന്നവരാണ് കോവിഡ് വ്യാപിപ്പിക്കുന്നതെന്ന തെറ്റായ പ്രചാരണമാണ് നടക്കുന്നത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളാണ് ക്വാറന്റെനില്‍ പോകേണ്ടതെന്നും ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം കണ്‍വീനര്‍ ഗണേഷ് കുമാര്‍ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ഓള് കേരള പ്രവാസി അസോസിയേഷന് അറിയിച്ചു.










