ഡിസംബര്‍ അവസാന വാരം ശരാശരി 100 ല്‍ താഴെ രോഗികള്‍ എന്ന നിലയില്‍ നിന്ന് ജനുവരി ആദ്യവാരം പുതിയ രോഗികളുടെ എണ്ണം രണ്ടായിരത്തിലധികം
കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തിന്റെ ഗൗരവം വെളിപ്പെടുത്തി രാജ്യത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണം ഒരു ദിവസം കൊണ്ട് ആയിരത്തോളം വര്‍ദ്ധിച്ചു.
ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ 1,482 പുതിയ കേസുകളാണ് അറിയിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച ഇത് 2,246 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജിസിസി രാജ്യങ്ങളില്‍ കുവൈത്തിലും സൗദിയിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടിടത്തും 2500 നു അടുത്ത് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.
ഗള്‍ഫിലെ ആറു രാജ്യങ്ങളിലും കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇതാദ്യമായാണ് കുവൈത്തില്‍ ഇത്രയും രോഗികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. മൂന്നു കോടി ജനസംഖ്യയുള്ള സൗദിയില്‍ മുവ്വായിരത്തിലേറ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
സൗദിയിലെ പ്രതിദിന കണക്കുകളില്‍ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്തത് 2020 ജൂണിലാണ് 4,700 . ജൂലൈക്ക് ശേഷം ഇതാദ്യമായാണ് 3,054 രോഗികള്‍ എന്ന നിലയിലായത്.
രോഗ വ്യാപനം തടയുന്നതിന് കുവൈത്തില്‍ അടച്ചിട്ട ഇടങ്ങളിലുള്ള പൊതു പരിപാടികള്‍ നിരോധിച്ചിട്ടുണ്ട്. ഫെബ്രുവരി 28 വരെയാണ് നിരോധനം.
ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഒമാനിലാണ്. 252 കോവിഡ് കേസുകളാണ് ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ബഹ്‌റൈനില്‍ 900 കേസുകളും ഖത്തറില്‍ 1,695 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.