വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ അബുദാബി പോലീസ് അപകടസ്ഥലത്തു നിന്നും എയര്‍ ആബുംലന്‍സില്‍ മഫ്‌റക് മെഡിക്കല്‍ സിറ്റിയിലെത്തിച്ചു.
അബുദാബി : ട്രക്കുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ അപകട സ്ഥലത്ത് നിന്ന് എയര്‍ ആംബുലന്‍സില്‍ മഫ്‌റഖിലെ ഷെയ്ഖ് ഷക്ബൗത് മെഡിക്കല്‍ സിറ്റിയിലെത്തിച്ച് അബുദാബി പോലീസ്.
അബുദാബി-അല്‍ ഐന്‍ റോഡില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടം സംഭവിച്ചത്. മുന്നില്‍ പോകുകയായിരുന്ന ട്രക്കില്‍ കാറ് ചെന്ന് ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് നിസാര പരിക്കുകളേറ്റപ്പോള്‍ വാഹനമോടിച്ചിരുന്നയാള്‍ ഗുരുതര നിലയിലായിരുന്നു.
അബുദാബി പോലീസിന്റെ ആംബുലന്‍സ് എത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും നില ഗുരുതരമായതിനാല്‍ ഉടനെ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ട സ്ഥിതിയിലായിരുന്നു. വൈകുന്നേര സമയത്തെ ട്രാഫിക് കണക്കിലെടുത്ത് പോലീസിന്റെ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ വിവരം അറിയിക്കുകയും ഉടനെ ഹെലികോപ്റ്റര്‍ ആംബുലന്‍സ് എത്തുകയുമായിരുന്നു.
പ്രധാനറോഡില്‍ ലാന്‍ഡ് ചെയ്ത ഹെലികോപ്റ്റര്‍ ആംബുലന്‍സ് മിനിട്ടുകള്‍ക്കകം പറന്നുയര്‍ന്ന് മെഡിക്കല്‍ സിറ്റിയിലെ ഹെലിപോഡില്‍ എത്തി.
#أخبارنا | طيران #شرطة_أبوظبي ينقل مصاباً آسيوياً إلى "شخبوط الطبية"
التفاصيل:https://t.co/7lhzjst9ja pic.twitter.com/rIEyQoebJM
— شرطة أبوظبي (@ADPoliceHQ) January 4, 2022
അടിയന്തര ചികിത്സ ലഭ്യമായ ഏഷ്യന്‍ വംശജനായ ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ക്ഷീണിതനായതിനാല്‍ ഡ്രൈവര്‍ ഉറങ്ങിപ്പോകുകയായിരുന്നുവെന്നാണ് അബുദാബി പോലീസ് പറയുന്നത്. വാഹനം ഓടിക്കുമ്പോള്‍ ക്ഷീണിതരായി ഉറക്കം വന്നാല്‍ റോഡില്‍ നിന്ന് വിട്ട് വലതു വശത്തായി കാര്‍ പാര്‍ക്ക് ചെയ്ത് ഉറങ്ങിയശേഷം മാത്രം തുടര്‍ന്ന് ഡ്രൈവ് ചെയ്യാവുള്ളു എന്ന് പോലീസ് അറിയിച്ചു. ഹൈവേകളില്‍ ഡ്രൈവര്‍മാര്‍ക്ക് റെസ്റ്റ് ചെയ്യാനുള്ള പ്രത്യേക മേഖലകള്‍ ഉണ്ട്.