സ്പോണ്സര് അനധികൃതമായി പാസ്പോര്‍ട്ട് പിടിച്ചുവെച്ചതിനെ തുടര്‍ന്ന് മലയാളിയായ പ്രവാസി മറുനാട്ടില്‍ പെട്ടു പോയത് 25 വര്‍ഷങ്ങള്‍.
മനാമ : താമസ-യാത്രാ രേഖകളില്ലാതെ ശശിധരന് പുല്ലൂട്ട് ബഹ്റൈനില്‍ കഴിഞ്ഞത് നീണ്ട 25 വര്‍ഷങ്ങള്‍. ഉറ്റവരെ കാണാനാകാതെ, ജനിച്ച നാട്ടിലെ മണ്ണില്‍ കാല്ചവിട്ടാനാകാതെ പതിറ്റാണ്ടുകള്‍ കടന്നു പോയി. തിരികെ നാട്ടിലെത്താന്‍ നിരവധി ശ്രമങ്ങള്‍ നടത്തി. എല്ലാം പാഴ് വേലകളായി മാറി. ഒടുവില്‍ കോവിഡ് കാലത്ത് അന്നവും മുട്ടിയപ്പോള്‍ ജീവിതം ദുസ്സഹമായി.
നല്ലവരായ ഏതാനും പൊതുപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ സഹായത്തോടെ 63 കാരനായ ശശിധരന് ഒടുവില്‍ താല്ക്കാലികമായ യാത്രാ രേഖകള്‍ ലഭിച്ചു. ഇതേ തുടര്‍ന്ന് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുങ്ങുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്പോണ്സര് പാസ്പോര്‍ട്ട് അനധികൃതമായി പിടിച്ചുവെച്ചതിനെ തുടര്‍ന്നാണ് ശശിധരന് നാട്ടിലേക്ക് മടങ്ങാനുള്ള മാര്‍ഗം അടഞ്ഞത്.
തുടര്‍ന്ന് അനധികൃത താമസക്കാരനായി ഇത്രയും നാള് ബഹ്റൈനില്‍ കഴിഞ്ഞു. താല്‍ക്കാലിക ജോലികള്‍ ചെയ്ത് ഭക്ഷണത്തിനും താമസത്തിനുമുള്ള വഴി കണ്ടെത്തി.
കോവിഡ് കാലത്ത് ഈ വഴികളും അടഞ്ഞതോടെ പണമില്ലാതെ അലഞ്ഞ ശശിധരന് സഹായവുമായി സാമൂഹ്യ പ്രവര്‍ത്തരായ സുധീര്‍ തിരുനിലത്ത്, വേണു വടകര, രാജന് പുതുക്കുടി തുടങ്ങിയവര്‍ സമീപിക്കുകയായിരുന്നു.
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിംഗ് ജോയിന്റ് കണ്‍വീനറായ വേണു വടകര സ്വന്തം നാട്ടുകാരന് കൂടിയായ ശശിധരനെ നാട്ടിലെത്തിക്കാന്‍ വേണ്ട സഹായങ്ങളും നല്കി.
കോവിഡ് കാലത്ത് ശശിധരന് താമസ സൗകര്യം ഒരുക്കി ഭക്ഷണം നല്കിയതും രാജന് പുതുക്കുടിയാണ്.
കാല് നൂറ്റാണ്ടിനു ശേഷം ജനിച്ച നാട്ടിലെത്തുമ്പോള്‍ തന്നെ സഹായിച്ച എല്ലാവര്ക്കും നന്ദിപറയുകയാണ് ശശിധരന്.
വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍ ഹ്യുമാനിട്ടേറിയന്‍ മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ആയ സുധീറാണ് ശശിധരന്റെ വിഷയം ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അംബാസഡര്‍ പീയുഷ് ശ്രീവാസ്തവ മുന്‍കൈ എടുത്ത് ശശിധരന് വേണ്ട സഹായങ്ങള്‍ നല്കി.