ഡൗണ്‍ടൗണിനും, പാംജൂമൈറയ്ക്കും ഒപ്പം ഇക്കുറി പുതുവത്സരാഘോഷങ്ങള്‍ എക്‌സ്‌പോ വേദികളിലും അരങ്ങുതകര്‍ക്കും.
ദുബായ്: ലോകശ്രദ്ധയാകാര്‍ഷിക്കുന്ന പുതുവത്സരാഘോഷങ്ങള്‍ക്ക് പേരുകേട്ട ദുബായിയില്‍ ഉത്സവാന്തരീക്ഷം പകരാന്‍ ഇക്കുറി എക്‌സ്‌പോ വേദികളും മത്സരക്ഷമതയോടെ തയ്യാറെടുക്കുന്നു. പതിവു പോലെ ബുര്‍ജ് ഖലീഫയിലും പാം ജൂമൈറയിലും നടക്കുന്ന കരിമരുന്ന് കലാപ്രകടനങ്ങള്‍ക്കൊപ്പം ഇക്കുറി എക്‌സപോ വേദികളും വെടിക്കെട്ടിനും ഡിജെ സംഗീത കലാപരിപാടികള്‍ക്കും വേദിയാകും.
അല്‍വാസല്‍ പ്ലാസയിലാണ് വെടിക്കെട്ട് അരങ്ങേറുക. ഡിസംബര്‍ 31 ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് തുടങ്ങി പുലരുവോളം വിവിധ പരിപാികള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
എക്‌സ്‌പോ ജൂബിലി പാര്‍ക്കിലാണ് ഡിജെ സംഗീതനിശ. അറബിക്, ഫിലിപ്പീനോ, ഇന്ത്യന്‍ ഡിജെ ട്രൂപ്പുകളാണ് സംഗീത നിശയില്‍ ത്രസിപ്പിക്കുന്ന കലാപ്രകടനം കാഴ്ചവെയ്ക്കുക.
എക്‌സ്‌പോയിലെ 192 രാജ്യങ്ങളിലെ പവലിയനികളും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതോടെ ലോകം ദുബായ് എക്‌സ്‌പോ വേദിയിലേക്ക് ചുരുങ്ങും.
ശുഭപ്രതീക്ഷയോടെയും തുറന്ന കൈകളോടെയും 2022 നെ വരവേല്‍ക്കാന്‍ ദുബായ് ഒരുങ്ങുകയാണെന്നും ഏവര്‍ക്കും ഓര്‍മകളില്‍ തങ്ങിനില്‍ക്കുന്ന അനുഭവമായി ഇത് മാറുമെന്നും എക്‌സ്‌പോ എന്റര്‍ടെയ്‌മെന്റ് ചുമതല വഹിക്കുന്ന താരിഖ് ഖൊഷേഹ് പറഞ്ഞു.
എക്‌സ്‌പോ വേദികളിലേക്ക് എത്താന്‍ മെട്രോ സേവനം പുലരുവോളം ഉണ്ടാകും. വാഹന പാര്‍ക്കിംഗ്, ഭക്ഷണശാലകള്‍ എന്നീ സൗകര്യങ്ങളും അഡീഷണലായി ഒരുക്കിയിട്ടുണ്ട്.
വേദികളിലെ പ്രവേശനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമാണ്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂര്‍ വാലിഡിറ്റിയുള്ള പിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടും ഉള്ളവര്‍ക്ക് മാത്രമാകും എക്‌സ്‌പോ പ്രവേശനം.