കോവിഡ് കാലഘട്ടത്തിലും ഉത്തേജകമേകി പുതിയ സംരംഭങ്ങള്‍ സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗതിവേഗം കൂട്ടുന്നു.
റിയാദ്: ഭക്ഷ്യസംസ്‌കരണം ഉള്‍പ്പടെ വിവിധ മേഖലകളിലേക്കുള്ള പുതിയ സംരംഭങ്ങള്‍ക്കായി സൗദി വ്യവസായ ഖനന മന്ത്രാലയം 68 ലൈസന്‍സുകള്‍ കഴിഞ്ഞ മാസം നല്‍കിയതായി റിപ്പോര്‍ട്ട്.
ഇതോടെ സൗദി അറേബ്യയിലെ വ്യവസായ സ്ഥാപനങ്ങളുടെ ആകെയെണ്ണം 10,253 ആയി.
ഭക്ഷ്യ നിര്‍മാണ-സംസ്‌കരണ മേഖലയിലാണ് ഏറ്റവും അധികം ലൈസന്‍സുകള്‍ നല്‍കിയത് 14 എണ്ണം. കെമിക്കല്‍ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുകളാണ് രണ്ടാം സ്ഥാനത്ത്, ഈ മേഖലയില്‍ ഒമ്പത് പുതിയ സംരംഭങ്ങള്‍ക്കാണ് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്.
പുതിയ ലൈസന്‍സുകളില്‍ ഏറെയും റിയാദിലാണ് അനുവദിച്ചിട്ടുള്ളത്. 24 പുതിയ സ്ഥാപനങ്ങള്‍ റിയാദില്‍ തുടങ്ങുമ്പോള്‍ കിഴക്കന്‍ മേഖലകളില്‍ 17 സംരംഭങ്ങളാണ് ആരംഭിക്കുന്നത്.
പുതിയ സംരംഭങ്ങളില്‍ 90 ശതമാനവും ചെറുകിട സംരഭങ്ങളാണ്. ഇതിലേറെയും സ്വദേശി നിക്ഷേപങ്ങളുമാണ്. വിദേശ കമ്പനികളുടെ നിക്ഷേപം അഞ്ചു ശതമാനം മാത്രമാണ്. ആകെ നിക്ഷേപം 735 ദശലക്ഷം റിയാലാണ്.
ഖനന ഫാക്ടറികളും ഇക്കൂട്ടത്തില്‍ ലൈസന്‍സ് നേടി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
പുതിയ സംരംഭങ്ങളിലൂടെ 2,383 പുതിയ തൊഴില്‍ അവസരങ്ങളാണ് രാജ്യത്ത് ഉണ്ടായത്.നവംബര്‍ മാസം മാത്രം ഈ മേഖലയില്‍ നിന്ന് 3,930 വിദേശ ജോലിക്കാര്‍ തൊഴില്‍ നഷ്ടപ്പെട്ട് പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.













