ഇന്റര്‍നാഷണല്‍ യൂത്ത് മാത്ത് ചലഞ്ചില്‍ വെങ്കല ബഹുമതിയും ബഹ്‌റൈന്‍ ദേശീയ പുരസ്‌കാരവും നേടി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രവാസികളുടെ അഭിമാനമായി മാറി.
മനാമ: രാജ്യാന്തര തലത്തില്‍ നടന്ന ഗണിത ശാസ്ത്ര മത്സരത്തില്‍ ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷനിക് ഹ്യൂബര്‍ട്ടിന് വെങ്കല മെഡലും ദേശീയ പുരസ്‌കാരവും ലഭിച്ചു.
ഇന്റര്‍നാഷണല്‍ യൂത്ത് മാത്ത് ചലഞ്ച് എന്ന മത്സരത്തിലാണ് പതിനേഴുകാരനായ ഷനികിന് അഭിമാനകരമായ നേട്ടം കൈവരിക്കാനായത്. അവസാന റൗണ്ടിലെ മികവിലാണ് ഷനികിന് മുന്നേറാനും ദേശീയ പുരസ്‌കാരവും വെങ്കലവും നേടാനായത്.
ബഹ്‌റൈന്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായ ഹ്യൂബര്‍ട്ട് സതീഷ് കുമാറിന്റേയും ബഹ്‌റൈന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലക്ചററായ പ്രീത ജോസഫിന്റേയും മകനാണ് ഷനിക്. സഹോദരന്‍ നിഷാദ് ഹ്യുബര്‍ട്ട് ഇന്ത്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, പ്രിന്‍സിപ്പല്‍ പളനിസ്വാമി, സെക്രട്ടറി സജി ആന്റണി എന്നിവര്‍ ഷനികിന്റെ അനുമോദിച്ചു.
ലോകരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസ്ത്രത്തിലെ തങ്ങളുടെ വൈദഗ്ദ്ധ്യവും പ്രതിഭയും തെളിയിക്കാനുള്ള അവസരമാണ് ഇന്റര്‍നാഷണല്‍ യൂത്ത് മാത് ചലഞ്ച് ഒരുക്കുന്നത്. ഹോങ്കോഗ്, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.