പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ സജയ് ദത്ത് കീഴടങ്ങി
കൊച്ചി: വിഷുദിനത്തില്‍ കായംകുളം വള്ളികുന്നത്ത് പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ സജയ് ദത്ത് കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇയാളെ ചെങ്ങന്നൂര്‍ പൊലീസിന് ഉടന്‍ കൈമാറും.
വള്ളികുന്നം പടയണിവെട്ടം ക്ഷേത്രോത്സവത്തിനിടെ ആയിരുന്നു അഭിമന്യുവിനെ കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം സജയ് ദത്ത് ഒളിവിലായിരുന്നു. സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും വള്ളികുന്നം പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തിരുന്നെങ്കിലും വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് പാലാരിവട്ടം സ്റ്റേഷനില്‍ എത്തി സജയ് ദത്ത് കീഴടങ്ങിയത്.
ചെങ്ങന്നൂര്‍ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യും. 15 പേരടങ്ങുന്ന സംഘമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സജയ് ദത്തില്‍ നിന്നും മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.











