മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ ആത്മഹത്യക്ക് കാരണം ലീഗാണെന്ന് കഴിഞ്ഞ ദിവസം എംവി ജയരാജന്‍ നടത്തിയ ആരോപണങ്ങാണ് കെ സുധാകരനെ ചൊടിപ്പിച്ചത്
കണ്ണൂര്‍ : പാനൂര്‍ മന്‍സൂര്‍ വധക്കേസ് വഴിതിരിച്ചുവിടാനാണ് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ശ്രമമെങ്കില്‍ നടക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. പാര്‍ട്ടിയിലെ സ്വന്തം സഖാക്കളെ പോലും ബലിക്കൊടുക്കുന്ന മറ്റൊരു പാര്‍ട്ടി ലോകത്തിലേയില്ല, മന്‍സൂര്‍ വധക്കേസില്‍ താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്ന മൊഴികള്‍ ജയരാജന് എവിടെ വേണമെങ്കിലും മാറ്റുരക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിനെ കൊണ്ട് കൊലകത്തി താഴെ വെപ്പിക്കുമെന്നും രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണെന്നും സുധാകരന്‍ കൂട്ടിചേര്‍ച്ചു.
മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ ആത്മഹത്യക്ക് കാരണം ലീഗാണെന്ന് കഴിഞ്ഞ ദിവസം എംവി ജയരാജന്‍ നടത്തിയ ആരോപണങ്ങളാണ് സുധാകരനെ ചൊടിപ്പിച്ചത്. അന്യായമായി കൊലക്കേസില്‍ പ്രതിചേര്‍ത്തതില്‍ മനം നൊന്താണ് രതീഷ് ആത്മഹത്യ ചെയ്തതെന്നും മരണത്തിന് മുമ്പ് ലീഗ് പ്രവര്‍ത്തകര്‍ രതീഷിനെ മര്‍ദിച്ചിരുന്നുവെന്നുമായിരുന്നു ജയരാജന്റെ ആരോപണം.
എന്നാല്‍ പ്രതികളെ കൊന്ന പാരമ്പര്യം സിപിഐഎമ്മിന് ഒന്നൊന്നുമല്ല, പത്ത് പ്രതികളെയാണ് സിപിഎം കൊന്നതെന്ന് സുധാകരന്‍ തിരിച്ചടിച്ചു. പാര്‍ട്ടി വേണ്ടി പ്രവര്‍ത്തിച്ച് പാര്‍ട്ടി പറയുമ്പോള്‍ ഗുണ്ടാപണിയെടുക്കുന്നവരെയാണ് ഇവര്‍ വെട്ടി കൊന്നത്. തെളിവുകള്‍ അവരില്‍ നിന്നും പുറത്ത് പോകുമെന്ന് കാണുമ്പോഴാണ് സഖാക്കളെ ബലികൊടുക്കുന്നത്. ലോകത്ത് അങ്ങനെയൊരു പാര്‍ട്ടിയുണ്ടാവുമോ. സിപിഎമ്മിനെ കൊണ്ട് കത്തി താഴെ വെപ്പിക്കും. ഞങ്ങള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. സത്യാവസ്ഥ പുറത്ത് കൊണ്ട് വരും. അന്വേഷിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിക്കും ഉണ്ട് മെക്കാനിസം. സുധാകരന് എവിടുന്നാണ് തെളിവെന്ന് ചോദിച്ചാല്‍ എന്റെ ആയിരക്കണക്കിന് പാര്‍ട്ടിക്കാരുള്ള പ്രദേശമാണ് പാനൂര്‍. അതുകൊണ്ട് എന്റെ മൊഴി എവിടെ വേണമെങ്കിലും ജയരാജന് മാറ്റുരക്കാം. വഴിതിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്ന് എംവി ജയരാജനെ ഒര്‍മ്മിപ്പിക്കുകയാണ്. ഞങ്ങള്‍ പിന്നാലെയുണ്ടെന്ന് ജയരാജനെ ഓര്‍മ്മിപ്പിക്കുകയാണ്’- കെ സുധാകരന്‍ പറഞ്ഞു.