കെഎസ്ഇബിയുടെ യൂണിറ്റിന് 2.80 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതി ലഭിക്കുന്ന കരാറിലൂടെ 1000 കോടി രൂപയുടെ നഷ്ടം അരോപിക്കുന്ന പ്രതിപക്ഷ നേതാവ് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ യൂണിറ്റിന് 5.67 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതിയും 7.25 നിരക്കില്‍ സോളാര്‍ വൈദ്യുതിയും വാങ്ങുന്ന കരാറുകള്‍ വഴിയുള്ള നഷ്ടം വെളിപ്പെടുത്തുമോ? – പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍
കണ്ണൂര്‍: വൈദ്യുതി കരാറിനെ കുറിച്ച് പറയുന്ന പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ വാങ്ങുന്ന കാറ്റാടി വൈദ്യു തിയുടെ വില ഒന്ന് നോക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഇരട്ടി വില നല്‍കിയാണ് രാജസ്ഥാന്‍ വൈദ്യുതി വാങ്ങുന്നത്. കേരളത്തിലെ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് പഞ്ചാബിലും രാജസ്ഥാനാനിലും കരാര്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുമോ? ആരെയാണ് പ്രതിപക്ഷം പറ്റിക്കുന്നത്? അതിന് ചില മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നു എന്നും പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു. പഞ്ചാബ് സര്‍ക്കാര്‍ അഞ്ച് രൂപക്കാണ് കാറ്റാടി വൈദ്യതി വാങ്ങുന്നത്, സോളാര്‍ 7 രൂപ 25 പൈസക്ക്. രാജസ്ഥാന്‍ 5 രൂപ 2 പൈസയ്ക്കാണ് കാറ്റാടി വൈദ്യുതി വാങ്ങുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കരാറിലേര്‍പ്പെട്ടിരുന്നു എന്നും മുഖ്യമന്ത്രി വിശദീകരിച്ചു,
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം :
1. കെഎസ്ഇബിയുടെ യൂണിറ്റിന് 2.80 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതി ലഭിക്കുന്ന കരാറിലൂടെ 1000 കോടി രൂപയുടെ നഷ്ടം അരോപിക്കുന്ന അങ്ങ് പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യൂണിറ്റിന് 5.67 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതിയും 7.25 നിരക്കില്‍ സോളാര്‍ വൈദ്യുതിയും വാങ്ങുന്ന കരാറുകള്‍ വഴിയുള്ള നഷ്ടം വെളിപ്പെടുത്തുമോ?
2. രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കാറ്റാടി വൈദ്യുതി യൂണിറ്റിന് 5.02 രൂപയ്ക്കും സോളാര്‍ വൈദ്യുതി യൂണിറ്റിന് 4.29 രൂപയ്ക്കും വാങ്ങുന്നതു വഴിയുള്ള നഷ്ടം അങ്ങ് കണക്കാക്കിയിട്ടുണ്ടോ?
3. യൂണിറ്റിന് 2.80 രൂപ തോതില്‍ കെഎസ്ഇബി ഏര്‍പ്പെട്ട ദീര്‍ഘകാല കരാറിനെ എതിര്‍ക്കുന്ന അങ്ങ് കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് ഏര്‍പ്പെട്ട 1565 മെഗാവാട്ടിന്റെ 11 ദീര്‍ഘകാല കരാറുകള്‍ യൂണിറ്റിന് 3.91 മുതല്‍ 5.42 രൂപ വരെ നിരക്കില്‍ ഏര്‍പ്പെട്ടതിനെ എതിര്‍ത്തിരുന്നോ?
4. യുഡിഎഫ് ഗവണ്‍മെന്റ് യൂണിറ്റിന് 3.91 മുതല്‍ 5.42 രൂപ വരെ നിരക്കില്‍ ഏര്‍പ്പെട്ട ദീര്‍ഘകാല കരാറുകള്‍ വഴി കേരളത്തിനുണ്ടാകുന്ന നഷ്ടം അങ്ങ് കണക്കാക്കിയിട്ടുണ്ടോ?
5. കെഎസ്ഇബി ചുരുങ്ങിയ നിരക്കില്‍ വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ ഏര്‍പ്പെടുന്നതു ഭാവിയില്‍ തങ്ങള്‍ക്ക് ദോഷകരമായേക്കാം എന്ന യുഡിഎഫ് കാലത്തെ ദീര്‍ഘകാല കരാറുകാരുടെ ആശങ്കയാണോ അങ്ങയുടെ അക്ഷേപങ്ങള്‍ക്ക് പിന്നില്‍?
6. വേനല്‍ക്കാലത്തെ വര്‍ദ്ധിച്ച ഉപയോഗം നിറവേറ്റാന്‍ യൂനിറ്റിന് 3.04 നിരക്കില്‍ 2 മാസത്തേക്ക് വൈദ്യുതി വാങ്ങുന്നതിനെ ആക്ഷേപിക്കുന്ന അങ്ങ് യുഡിഎഫ് കാലത്ത് യൂണിറ്റിന് 7.45 രൂപ നിരക്കില്‍ വരെ വൈദ്യുതി കരാറാക്കിയതിനെക്കുറിച്ച് എതിര്‍പ്പറിയിച്ചിരുന്നോ?
7. പുനരുപയോഗ ഊര്‍ജം നിശ്ചിത അളവില്‍ കെഎസ്ഇബി വാങ്ങാതിരുന്നതിനെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച റഗുലേറ്ററി കമ്മീഷന്‍ 125 കോടി രൂപ കെഎസ്ഇബിക്ക് പിഴയിട്ടപ്പോള്‍ താങ്കള്‍ എന്ത് പരിഹാര നടപടിയാണ് സ്വീകരിച്ചത്.
8. യൂണിറ്റിന് 2.80 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതി ലഭിക്കുന്ന കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട താങ്കള്‍ പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യൂണിറ്റിന് 5.67 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതിയും 7.25 നിരക്കില്‍ സോളാര്‍ വൈദ്യുതിയും വാങ്ങുന്ന കരാറുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുമോ?
9. രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യൂണിറ്റിന് 5.02 നിരക്കില്‍ കാറ്റാടി വൈദ്യുതി വാങ്ങുന്നതിനും യൂണിറ്റിന് 4.29 രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതി വാങ്ങുന്നതിനുമുള്ള കരാറുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുമോ?
ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നത്? അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ നിരന്തരം വിളിച്ചു പറയുകയും അത് ചില മാധ്യമങ്ങളിലൂടെ അമിത പ്രാധാന്യം നല്‍കി പ്രചരിപ്പിക്കുകയും ചെയ്താല്‍ ഇല്ലാതാകുന്നതാണോ ഈ കണക്കുകള്‍?