സുധീര്‍ നാഥ്
1995 നവംബര്‍ 25. കണ്ണൂര്‍ ജില്ലയിലെ കൂത്ത്പറമ്പില്‍ പോലീസ് വെടിവെയ്പ്പ് നടക്കുന്നു. അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് വെടിവെയ്പ്പില്‍ മരിക്കുന്നത്. വാര്‍ത്ത കാട്ടു തീപോലെ പടര്‍ന്നു. ഇടതുപക്ഷ യുവജന, തൊഴിലാളി പ്രവര്‍ത്തകര്‍ കേരളത്തിലെ തെരുവുകളിലൊക്കെ പ്രതിഷേധ പ്രകടനങ്ങളുമായി ഇറങ്ങി. അഭ്യന്തിര വകുപ്പു ഭരിക്കുന്നത് മുഖ്യമന്ത്രിയായ കെ കരുണാകരനാണ്. അന്ന് അദ്ദേഹം എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉണ്ട്. വൈകീട്ട് എംജി റോഡിലുള്ള അബാദ് പ്ലാസയില്‍ നടക്കുന്ന നേത്ര ഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് മുന്‍കൂട്ടിയുള്ള അറിയിപ്പ്. എറണാകുളം മഹാരാജാസ് കോളേജില്‍ അന്നത്തെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ജില്ലാ സെക്രട്ടറി പി രാജീവിന്‍റെ നേത്യത്വത്തില്‍ ഒത്തു കൂടി. ലക്ഷ്യം അബാദ് പ്ലാസയിലെ മുഖ്യമന്ത്രിയുടെ ചടങ്ങ്. കറുത്ത തുണിയുടെ കഷണങ്ങള്‍ എല്ലാ പ്രവര്‍ത്തകര്‍ക്കും നല്‍കി. എല്ലാവരും സുരക്ഷിതമായി അവരവരുടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കണമെന്നും, മുഖ്യമന്ത്രി എത്തിയാല്‍ അത് പുറത്തെടുത്ത് വീശണമെന്നും പി രാജീവ് നിര്‍ദ്ദേശം നല്‍കി. കൂട്ടമായി പോകരുതെന്നും, രണ്ടും മൂന്നും നാലും പേരടങ്ങിയ ഗ്രൂപ്പുകളായി അബാദ് പ്ലാസയുടെ എല്ലാ വഴികളിലും ആര്‍ക്കും സംശയം കൊടുക്കാതെ നിലയുറപ്പിക്കണമെന്നും രാജീവ് നിര്‍ദ്ദേശം കൊടുത്തു.
രാജീവും വളരെ കുറച്ച് പേരും അബാദ് പ്ലാസയുടെ കവാടത്തില്‍ പ്രതിഷേധക്കാരായി എത്തി. കൂത്ത്പറമ്പ് വെടിവെയ്പ്പും അഞ്ച് യുവാക്കളുടെ മരണവും കാരണം ഇടത് സംഘടനളുടെ പ്രതിഷേധം ഉണ്ടാകുമെന്ന കാരണത്താല്‍ മുഖ്യമന്ത്രി പരിപാടി ഉപേക്ഷിച്ചതായി സംസാരം തുടങ്ങി. എണ്ണത്തില്‍ രാജീവും സംഘവും കുറവായിരുന്നത് കൊണ്ട് പോലീസും അവരെ അത്ര ഗൗനിച്ചില്ല. പറഞ്ഞ സമയം ഏറെ കഴിഞ്ഞിട്ടും മുഖ്യമന്ത്രി കെ കരുണാകരന്‍ എത്തിയതുമില്ല. രാജീവും എസ്എഫ്ഐ പ്രവര്‍ത്തകരും പിരിഞ്ഞു പോകാന്‍ തീരുമാനിച്ചു. അപ്പോഴാണ് ഇന്ത്യന്‍ എക്സ്പ്രസിന്‍റെ മുതിര്‍ന്ന ഫോട്ടോ ഗ്രാഫര്‍ ജീവന്‍ ജോസ് സ്വകാര്യമായി പി രാജീവിനോട് പറഞ്ഞു.
ڇലീഡര്‍ പത്ത് മിനിറ്റിനുള്ളില്‍ എത്തും. ഗസ്റ്റ് ഹൗസില്‍ നിന്ന് ഇങ്ങോട്ട് ഇറങ്ങിയിട്ടുണ്ട്. ഹൈക്കോര്‍ട്ട് വഴി ചുറ്റിയടിച്ചാണ് വരുന്നത്….ڈ രാജീവും പ്രവര്‍ത്തകരും ഒന്നും അറിയാത്ത പോലെ തന്നെ മാറി നിന്നു.
പെട്ടന്നാണ് പോലീസ് വാഹനവും മുഖ്യമന്ത്രിയുടെ വാഹനവും അബാദ് പ്ലാസയിലേയ്ക്ക് എംജി റോഡില്‍ നിന്ന് കയറിയത്. രാജീവും സംഘവും കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി. എംജി റോഡില്‍ നിലയുറപ്പിച്ചിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ഓടി അടുത്തു. ലീഡറുടെ പ്രിയ പോലീസ് ഉദ്യോഗസ്ഥരാ് എറണാകുളം സിറ്റി പോലീസ് കമ്മിഷ്ണര്‍ ലോക് നാഥ് ബഹറയും അസിസ്റ്ററ്റ് പോലീസ് കമ്മിഷ്ണര്‍ പുരുഷോത്തമന്‍ പിള്ളയും. പ്രതിഷേധക്കാരെ അടിച്ചോടിക്കാന്‍ ലാത്തിച്ചാര്‍ജിന് പുരുഷോത്തമന്‍ പിള്ള ഓര്‍ഡര്‍ കൊടുത്തു. പിന്നെ അവിടെ കണ്ടത് യുദ്ധക്കളമായിരുന്നു. എസ്എഫ്ഐ നേതാക്കളും പ്രവര്‍ത്തകരും ചിന്നിചിതറി ഓടി. രാജീവും നാല് പേരും മാത്രം കാറിന് മുന്നില്‍ കിടന്ന് മുദ്രാവാക്യം വിളിച്ച് കരിങ്കൊടി പൊക്കികൊണ്ടിരുന്നു. പോലീസ് രാജീവിനെ അതി ക്രൂരമായി ഇടിക്കട്ട ഉപയോഗിച്ച് മര്‍ദ്ദിച്ചു. വാരിയെല്ല് ഒടിഞ്ഞു, കാലിന്‍റെ അടിവെള്ള ലാത്തിയുടെ ചൂടറിഞ്ഞ് ചോരവാര്‍ന്നു, വസ്ത്രങ്ങള്‍ കീറിപറിച്ചെടുത്തു. പോലീസ് രക്തത്തില്‍ കുളിച്ച് മുദ്രാവാക്യം മുഴക്കുന്ന രാജീവിനെ അര്‍ദ്ധനഗ്നനാക്കി വലിച്ചിഴച്ച് സെട്രല്‍ സ്റ്റേഷനിലേയ്ക്ക് ചവുട്ടിയും ഇടിച്ചും കൊണ്ടു പോയി. പിന്നീട് മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവിലാണ് ആറടിയോളമുള്ള മെലിഞ്ഞ ചെറുപ്പക്കാരന്‍ പുറം ലോകം കണ്ടത്.
പി. രാജീവ് പിന്നീട് രാജ്യസഭാ അംഗമായി. ഇന്ത്യന്‍ പാര്‍മെന്‍റിലെ മുതിര്‍ന്ന അംഗങ്ങളുടെ സഭയായ രാജ്യസഭയിലെ അദ്ധ്യക്ഷ പേനലിലെ ഒരാളായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ എഡിറ്ററാണ് പി. രാജീവ്. പി. രാജീവാണ് കളമശേരി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. പാലാരിവട്ടം പാലം അഴിമതിയില്‍ ആരോപണ വിധേയനായ ഇബ്രാഹീംകുട്ടിയുടെ മകന്‍ ഗഫൂറാണ് എതിര്‍ സ്ഥാനാര്‍ത്ഥി. അഴിമതി ആരോപണം ഏണിവെച്ച് കയറി മറികടക്കുമോ, അതോ ചുറ്റിക അരിവാള്‍ നക്ഷത്രം ഏണിയെ മറിച്ചിടുമോ…?