തിരുവനന്തപുരം : ബിജെപി സ്ഥാനാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് നേതൃത്വത്തെ വെട്ടിലാക്കി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാ ര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ പിന്‍മാറുന്നതാണ് ബിജെപിയെ വെട്ടിലാക്കുന്നത്. മാനന്തവാടിയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി സി. മണികണ്ഠന്‍ അറിഞ്ഞു കൊണ്ടല്ല ലിസ്റ്റില്‍ ഉള്‍പ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ബി ജെ പി കേന്ദ്ര നേതൃത്ത്വം ലിസ്റ്റ് പ്രഖ്യാപിച്ചപ്പോഴാണ് മണികണ്ഠന്‍ സ്ഥാനാര്‍ത്ഥിയാണെന്ന് അറിഞ്ഞത്. പണിയ സമുദായത്തിലെ ആദ്യ എംബിഎ ബിരുദധാരിയാണ് മണികണ്ഠന്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞതിന് തൊട്ടുപിന്നാലെ മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും തന്റെ അനുവാദം കൂടാതെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതെന്നും വ്യക്തമാക്കിയാണ് മണികണ്ഠന്‍ പിന്‍മാറിയത്. മണികണ്ഠന്റെ പിന്‍മാറ്റം ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ ഞെട്ടിച്ചിരുന്നു.
ജില്ലാ സംസ്ഥാന കമ്മിറ്റികള്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചത്. എന്‍ഡിഎയുടെ സഖ്യകക്ഷി നേതാവ് സികെ ജാനു മാനന്തവാടിയില്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രതിഷേധവുമായി രംഗത്തെ ത്തിയതോടെയാണ് മാനന്തവാടിയില്‍ സികെ ജാനുവിന് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ചത്.
തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ആരോഗ്യ കാരണങ്ങളാല്‍ മത്സര രംഗത്ത് നിന്ന് ഒഴിയുകയായിരുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവല്ല ബി ജെ പി സ്ഥാനാര്‍ത്ഥി അശോകന്‍ കുളനട പ്രതിഷേധത്തെ തുടര്‍ന്നാണ് സ്വയം ഒഴിയാന്‍ തയ്യാറായത്. തിരുവല്ല പട്ടണത്തില്‍ കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ദേശീയ നേതാക്കള്‍ ഇടപെട്ട് അനുനയന ശ്രമം നടക്കുന്നുണ്ട്.
കുന്നത്ത് നാട്, മൂവാറ്റുപുഴ ബിജെപി സ്ഥാനാര്‍ത്ഥിയും പിന്‍മാറിയിട്ടുണ്ട്. ബിജെപിയുടെ ചാനല്‍ ചര്‍ച്ചയിലെ മുഖമായ എ. കെ. നാസര്‍ പാര്‍ട്ടി വിട്ടു. ബിജെപിയുടെ തീപ്പൊരി വനിതാ നേതാവായ ശോഭ സുരേന്ദ്രനെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.












