തിരുവനന്തപുരം : തിരുവനന്തപുരം എംപി ശശി തരൂരിനെ നേമത്തു മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. സംസ്ഥാനത്ത് ബിജെപിയുടെ ഏക സീറ്റായ നേമം പിടിക്കാനാണ് കോണ്‍ഗ്രസ് തന്ത്രം. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എഐസിസി നടത്തിയ രഹസ്യസര്‍വെയില്‍ തരൂരിനായിരുന്നു മുന്‍തൂക്കം. പല കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ വോട്ട് വീണത് തരൂരിനായിരുന്നു. യുവാക്കളിലും ന്യൂനപക്ഷ ങ്ങള്‍ക്കുമിടയിലും ശശി തരൂരിനുള്ള പിന്തുണ മുതലാക്കാനാണ് എഐസിസിസി ലക്ഷ്യമിടുന്നത്. പ്രകടന പത്രിക തയ്യാറാക്കാനുള്ള ചുമതല നല്‍കി അദ്ദേഹത്തെ മുന്‍നിരയിലേക്കെത്തിച്ച നേതൃത്വം ഇപ്പോള്‍ നേമത്തേക്ക് പരിഗണിക്കാനുള്ള അണിയറ ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ടെന്നാണ് വിവരം.
നേമത്തു മത്സരിപ്പിക്കാന്‍ നേതൃത്വത്തിന് ആലോചനയുണ്ടെങ്കിലും ഈ തീരുമാനത്തോടു സംസ്ഥാനത്തെ നേതാക്കള്‍ക്ക് അനുകൂല പ്രതികര ണമല്ല ഉള്ളത്. താന്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പുതുപ്പള്ളിയിലല്ലാതെ ഒരു മണ്ഡലത്തിലും മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയ സാഹചര്യത്തില്‍ ശശി തരൂരിനെ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്തുവില കൊടുത്തും തിരഞ്ഞെടുപ്പ് ജയിക്കണമെന്നും അതിനു പറ്റിയ മുഖമാണു ശശി തരൂരെന്നുമാണു കോണ്‍ഗ്രസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനെന്ന ചോദ്യത്തില്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ പിന്നില്‍ തരൂരിന്റെ പേരാണ് ഉയര്‍ന്നു വന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും രുചിക്കുന്നില്ല. നേമമോ വട്ടിയൂര്‍കാവോ പിടിക്കാന്‍ കരുത്തനെന്ന ചര്‍ച്ചയിലേക്ക് സംസ്ഥാനത്തെ ചില നേതാക്കള്‍ തരൂരിന്റെ പേര് കൂടി ചേര്‍ത്ത് ചര്‍ച്ചയാക്കിയിരുന്നു. എംപിമാരില്‍ തരൂരിന് മാത്രം ഇളവ് നല്‍കുന്നതും തിരുവന്ത പുരം ലോക്‌സഭാ സീറ്റ് നിലനിര്‍ത്തുന്നതിലെ വെല്ലുവിളിയുമൊക്കെയാണ് എതിരാളികള്‍ ഉയര്‍ത്തികാട്ടുന്നത്.










