അഖില്‍-ന്യൂഡല്‍ഹി.
ഡല്‍ഹി: ‘ഇന്ദിര ഗാന്ധിയുടെ ഒരു വാര്‍ത്ത ചിത്രം എടുക്കാന്‍ പോയതായിരുന്നു ഞാന്‍, പുരുഷ ഫോട്ടോഗ്രഫര്‍മാര്‍ക്കിടയില്‍ ഒരേ ഒരു വനിത ഫോട്ടോഗ്രാഫര്‍ ഞാനായിരുന്നു, ഒരു യുവതി തോളില്‍ ക്യാമറയും തൂക്കി നില്‍ക്കുന്നു, വേഷം സാരി. ഇന്ദിര ഗാന്ധിയെന്ന ഇന്ത്യയുടെ ഉരുക്ക് വനിത എന്റെ അടുത്ത് വന്ന് സാരിയുടെ ഭംഗി തൊട്ട് നോക്കി എന്നെ അഭിനന്ദിച്ചു. പിന്നെ ഇന്ദിര വധത്തെത്തുടര്‍ന്നുണ്ടായ സിക്ക് വിരുദ്ധ കലാപങ്ങളും, ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് നേതൃത്വം കൊടുത്ത ജനറല്‍ വൈദ്യ പൂനെയില്‍ കൊല്ലപ്പെടുമ്പോള്‍ അവിടെ അവധിക്കാലം ആഘോഷിക്കാനെത്തിയ സരസ്വതിക്ക് ആ സംഭവങ്ങളും ക്യാമറയില്‍ പകര്‍ത്താനായി. ശ്രീലങ്കയില്‍ രാജീവ് ഗാന്ധിയും ലങ്കന്‍ പ്രധാനമന്ത്രി ജയവര്‍ദ്ധനെയുമായി നടന്ന ഉച്ചകോടിയുടെ ഫോട്ടോയെടുക്കാന്‍ സാധിച്ചു. ശ്രീലങ്കയില്‍ നടന്ന രാജീവിനെതിരായുള്ള വധ ശ്രമം എന്നിവയും സരസ്വതിയുടെ ക്യാമറ ലെന്‍സിലൂടെ പത്രത്താളുകള്‍ വാര്‍ത്താ ചിത്രങ്ങളായി.’.. ഫോട്ടോഗ്രഫര്‍മാര്‍ക്ക് പ്രസിഡണ്ടിന്റെ വിരുന്നു സല്‍ക്കാരങ്ങളിലും, പ്രധാനമന്ത്രിയുടെ സായാഹ്ന ചായസല്‍ക്കാരങ്ങളിലും പ്രത്യേകം ക്ഷണവും പ്രമുഖ സ്ഥാനങ്ങളും ലഭിച്ചിരുന്ന ഒരു കാലത്ത് ക്യാമറ കൈയ്യിലേന്താന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. പത്രഫോട്ടോഗ്രാഫറുടെ പത്രാസും, സമൂഹത്തിലെ അംഗീകാരവും അവസാനിച്ചെങ്കിലും ക്യാമറയും, ലെന്‍സുകളും, ക്യാമറ ഷട്ടറിന്റെ കടകട ശബ്ദവും ഒരു നര്‍ത്തകിയെ കാല്‍ചിലങ്കയെന്നപോലെ ഇന്നും പ്രലോഭിപ്പിക്കുകയാണ്’… കറുപ്പും വെളുപ്പുമാര്‍ന്ന ചിത്രങ്ങള്‍ പോലെ ജീവിതം പച്ചയായി മുന്നില്‍ നില്‍ക്കുന്നു. ഇന്ത്യയിലെ പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയില്‍ നിന്നും ഏക പക്ഷീയമായി പിരിച്ചുവിടപ്പെട്ടതിനെ ചോദ്യം ചെയ്ത് കോടതി കയറി ഇറങ്ങിയത് നീണ്ട 33 വര്‍ഷങ്ങളാണ്. 1988-ല്‍ ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ സമരം നടത്തിയ വക്കിലന്മാരെ പിരിച്ചുവിടാന്‍ ഡല്‍ഹി പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ തകര്‍ന്നത് ഏറെ കൊതിച്ച് വാങ്ങിയ ക്യാമറ മാത്രമല്ല തന്റെ ജീവിത സ്വപ്‌നങ്ങളുമായിരുന്നു. അന്ന് ഡല്‍ഹിയിലെ പി.ഐ.ബി അക്രഡിറ്റേഷന്‍ ലഭിച്ച രണ്ടാമത്തെ വനിത ഫോട്ടോജേര്‍ണലിസ്റ്റ് മലയാളിയായ സരസ്വതി ചക്രവര്‍ത്തി ഓര്‍മ്മയുടെ ഇന്നലെകളിലൂടെ സഞ്ചരിക്കുകയാണ്.
വനിതകള്‍ അധികമൊന്നും എത്തിപ്പെടാത്ത രംഗമായിരുന്ന ഫോട്ടോജേര്‍ണലിസത്തില്‍ കഠിനാദ്ധ്വാനം കൊണ്ട് തന്റെ സ്ഥാനം ഉറപ്പിച്ച ഒരു മലയാളി വനിതയാണ് സരസ്വതി ചക്രവര്‍ത്തി. ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന മലായാളി വനിത ഫോട്ടോജേര്‍ണലിസ്റ്റ്.

പത്രത്താളുകളില്‍ കറുപ്പും വെളുപ്പുമാര്‍ന്ന് ചിത്രങ്ങള്‍ പതിഞ്ഞ കാലം മുതല്‍ കളര്‍ ഫിലിമിന്റെയും പിന്നെ ഡിജിറ്റല്‍ യുഗത്തിലും വളയണിഞ്ഞ കൈകള്‍ക്ക് ക്യാമറയും ലെന്‍സുകളും, ഡാര്‍ക്ക് റൂം ജോലികളും, ബ്രോമൈഡ് പേപ്പറില്‍ കറുപ്പും വെളുപ്പുമാര്‍ന്ന ചിത്രങ്ങളും അനായാസം വഴങ്ങുമെന്നും തെളിയിക്കുകയായിരുന്നു. പുരുഷന്മാരുടെ ഇടയില്‍ തനിച്ച് ജോലിചെയ്യുക അത്ര അനായസമല്ലാത്ത കാലത്ത് ഏറ്റവും മികവോടെ ജോലിചെയ്യാനും മറ്റ് പലര്‍ക്കും പകര്‍ത്താന്‍ കഴിയാതിരുന്ന പല നല്ല ചിത്രങ്ങളും കണ്ടെത്താനും ഇവര്‍ക്ക് സാധിച്ചു.

ഒരിക്കല്‍ ഡല്‍ഹിയിലെ രാജ് പഥില്‍ റിപ്പബ്ലിദ് ദിന പരേഡ് കാന്നുമ്പോഴാണ് ഫോട്ടോഗ്രാഫറാകണം എന്ന ചിന്ത സര്‍സ്വതി ചക്രവര്‍ത്തിയുടെ മനസിലുണര്‍ന്നത്. രാഷ്ട്രപതിയും, പ്രധാനമന്ത്രിയും മറ്റ് പ്രമുഖ്യവ്യക്തികളും ഇരിക്കുന്ന സല്യൂട്ട് മഞ്ചിന്റെ നേരെ എതിര്‍ ദിശയില്‍ ഇരുന്ന സര്‍സ്വതി ഫോട്ടോഗ്രഫറര്‍മാരെ നിരീക്ഷിക്കുയായിരുന്നു.
രണ്ട് സൈഡിലെയും ഫോട്ടോഗാലറിയില്‍ തിങ്ങിനിറഞ്ഞ് ഫോട്ടോഗ്രാഫിര്‍മാര്‍, ഒരു കാര്യം പ്രത്യേകം ശ്രദ്ധച്ചു അവരില്‍ ഒരു വനിത പോലുമില്ല. കളര്‍ഫുള്ളായി ചിട്ടയായി വസ്ത്രം ധരിച്ച പട്ടാളക്കാരുടെ മാര്‍ച്ച് വീക്ഷിക്കുമ്പോള്‍ തീരുമാനിച്ചു ഒരിക്കല്‍ തിങ്ങിനിറഞ്ഞ ഈ ഫോട്ടോഗ്രാഫര്‍ ഗാലറിയില്‍ ക്യാമറയും കയ്യിലേന്തി ഞാനും ഉണ്ടാകും.

ഓഫീസില്‍ റിസപ്ഷനില്‍ ജോലി ചെയ്തിരുന്ന സര്‍സ്വതിക്ക് ഫോട്ടോഗ്രഫിയില്‍ നേരത്തെതന്ന അഭിനിവേശമുണ്ടായിരുന്നു.
സ്‌റ്റെനോഗ്രാഫറുടെ ജോലി രാജിവെച്ച് അതുവരെയുള്ള സമ്പാദ്യം എല്ലാം സ്വരുക്കൂട്ടി റോളികോര്‍ഡ് മാനുവല്‍ ഫിലിം ക്യാമറ വാങ്ങി. ഫോട്ടോഗ്രഫി അക്കാദമിക്കായി പഠിക്കാത്ത സരസ്വതി സുഹൃത്തുക്കളായ ഫോട്ടോഗ്രഫര്‍മാരുടെ സഹായത്താല്‍ ജോലി പഠിച്ചു, ഒപ്പം ഡാര്‍ക്ക് റൂം ജോലികളും സ്വായത്തമാക്കി. തന്റെ ഫോട്ടോകളുടെയെല്ലാം പ്രിന്റ് സ്വയം തയ്യാറാക്കിയാണ് പത്രസ്ഥാപനങ്ങളിലേക്ക് അയച്ചത്. പലപ്പോഴും ഫോട്ടോകള്‍ സ്‌കാന്‍ ചെയ്ത് ഫാക്‌സ് വഴി അയക്കുന്ന ചെലവേറിയ സമ്പ്രദായം പിന്നീടാണ് വന്നത്. പലപ്പോഴും എയര്‍പോര്‍ട്ടിലൂടെ പ്രിന്റ് അയക്കുകയും ചെയ്തിട്ടുണ്ട്.

മാതൃഭൂമിക്ക് വേണ്ടി 1982-ല്‍ ഏഷ്യാഡ് ഗെയിംസ് കവര്‍ ചെയ്യാന്‍ സാധിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. മലയാളത്തില്‍ മാതൃഭൂമി, ദീപിക, എന്നിവയെ കൂടാതെ തമിഴില്‍ ദിനമലര്‍, ദിനമണി, ദിനകരന്‍, താന്തി അടക്കം നിരവധി പത്രങ്ങള്‍ക്ക് വേണ്ടി ഫ്രീലാന്‍സറായി ജോലി ചെയ്തിട്ടുണ്ട്. 200 ലധികം ചിത്രങ്ങളാണ് മേല്‍പറഞ്ഞ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത്. ഈ ചിത്രങ്ങളുടെ വെളിച്ചത്തിലാണ് പി.ഐ.ബിയില്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി അക്രെഡിറ്റേഷന്‍ ലഭിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ശ്രീലങ്ക സന്ദര്‍ശനത്തില്‍ രാജീവിനോടൊപ്പം ശ്രീലങ്കയിലേക്ക് പോകാന്‍ ലഭിച്ച അവസരം വലിയ ഭാഗ്യമായിരുന്നു. 1987-ലെ ഈ ഉച്ചകോടി സമ്മേളനത്തിലാണ് ശ്രീലങ്കന്‍ പ്രസിഡണ്ട് ജയവര്‍ദ്ധനെയും രാജീവ് ഗാന്ധിയുമായി ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നം ഉഭയ കക്ഷി ചര്‍ച്ചയിലൂടെ കരാര്‍ ഒപ്പുവെച്ചത്. ചെന്നൈയിലെ ദിന തന്തി ദിനപത്രത്തിനുവേണ്ടിയാണ് സര്‍സ്വതി ഈ സമ്മേളനത്തില്‍ പങ്കെടുത്തത്. ശ്രീലങ്കന്‍ സന്ദര്‍ശന വേളയിലാണ് രാജീവിനെതിരെ ആദ്യത്തെ വധ ശ്രമം ഉണ്ടായത്. അന്ന് സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്നതിനിടെ രാജീവ് ഗാന്ധിയെ സൈനീകന്‍ തോക്കിന്റെ പാത്തികൊണ്ട് അടിച്ചുവീഴ്ത്തുന്ന ചിത്രം സര്‍സ്വതിക്ക് ലഭിച്ചു. ഈ ചിത്രം അക്കാലത്തെതുമാത്രമല്ല എക്കാലത്തെയും വാര്‍ത്താ പ്രാധാന്യമുള്ള ചിത്രങ്ങളിലൊന്നായിരുന്നു. വര്‍ഷങ്ങളോളം ഡല്‍ഹിയിലെ ഫോട്ടോജേര്‍ണലിസം മേഖലയില്‍ ഒരേ ഒരു വനിത സാന്നിദ്ധ്യം സരസ്വതി മാത്രമായിരുന്നു.

തമിഴ്പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ജാഫ്‌നയിലെ കീഴടങ്ങലിന്റെ ഫോട്ടോയെടുക്കാനും അവര്‍ക്ക് സാധിച്ചു. ഉത്തര കാശിയിലെ ഭൂമികുലുക്കം. മുന്‍ കേന്ദ്രമന്ത്രി കെ.സി പാന്തിന്റെ സിയാച്ചിന്‍ സന്ദര്‍ശനം, പാക്ക് മുന്‍ പ്രധാനമന്ത്രി ജനറല്‍ മുഷറഫും ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുമായി നടന്ന ആഗ്ര ഉച്ചകോടി, അയോദ്ധ്യയിലെ രാം മന്ദിര്‍ ശിലാന്യാസ്, ഇന്ദിരഗാന്ധിയുടെ കൊലപാതകത്തെത്തുര്‍ന്നുള്ള സിക്ക് വിരുദ്ധ കലാപങ്ങള്‍, രാജീവ് ഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍, സുവര്‍ണക്ഷേത്രത്തിലെ പട്ടാള നടപടിക്ക് നേതൃത്വം കൊടുത്ത ജനറല്‍ വൈദ്യയുടെ കൊലപാതകം, ഉത്തര്‍ പ്രദേശിലെ മീററ്റ് കലാപങ്ങള്‍, ബ്രിട്ടീഷ് പ്രധാന മന്ത്രിമാരായ ടോണി ബ്ലെയര്‍, ജോണ്‍ മേജര്‍, എന്നിവരുടെ ഇന്ത്യ സന്ദര്‍ശനം, പ്രിന്‍സ് ആനിന്റെ ലഡാക്ക് സന്ദര്‍ശനം, രാജസ്ഥാനിലെ രൂപ് കന്‍വറിന്റെ സതി ആചാരത്തെത്തുടര്‍ന്നുള്ള രാഷ്ട്രീയ പ്രകടനങ്ങള്‍, ബിജെപിയെ

അധികാരത്തിലെത്തിച്ച ലാല്‍ കൃഷ്ണ അഡ്വാനിയുടെ രഥയാത്ര, 1987-ല്‍ മെക്ലോഡ് ഗഞ്ചില്‍ നടന്ന ദലൈലാമയുടെ ആധ്യാത്മീക സമ്മേളനം എന്നിവ എന്നും ഓര്‍മ്മയില്‍ തിളങ്ങുന്ന വാര്‍ത്താ ചിത്രങ്ങള്‍ സമ്മാനിച്ച സംഭവങ്ങളായിരുന്നു. തമിഴ് പത്രങ്ങള്‍ കൂടാതെ ഹിന്ദി പത്രങ്ങളായ ലോക് മത്, മഹാരാഷ്ട്രയില്‍ നിന്നുള്ള സകാല്‍, അജ്‌മേറില്‍ നിന്നുള്ള അമൃത് സന്ദേശ്, നയി ദുനിയ, രാജസ്ഥാനില്‍ നിന്നുള്ള നവജ്യോതി എന്നീ പത്രങ്ങള്‍ക്ക് വേണ്ടിയും സരസ്വതി ജോലി ചെയ്തു. 1987-ലാണ് പി.ടി.ഐയില്‍ ഔദ്യോഗികമായി ജോലി ചെയ്യുന്നത്. 1988-ല്‍ കൃത്യം ഒരു വര്‍ഷം തികയുമ്പോള്‍ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഏകപക്ഷീയമായി എന്നെ ജോലിയില്‍ നിന്നും പുറത്താക്കി. ഞാന്‍ അന്ന് ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റില്‍ അംഗമാണ്. യൂണിയന്‍ എനിക്ക് വേണ്ടി കോടതിയില്‍പ്പോയി നീണ്ട് 14 വര്‍ഷത്തെ നിമയമയുദ്ധത്തിനൊടുവിലാണ് എനിക്ക് ആനുകൂല്യങ്ങള്‍ അനുവദിച്ചുള്ള കോടതി വിധി വന്നത്. പി.ടി.ഐ ഈ വിധിക്കെതിരെ ഹൈക്കോടതില്‍പ്പോയി പിന്നെയും 18 വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ കോടതി വിധി വന്നു എന്നാല്‍ അത് എനിക്ക് അനുകൂലമല്ലായിരുന്നു. എനിക്ക് നഷ്ടപരിഹാരം ഒന്നും ലഭിച്ചില്ലെന്നുമാത്രമല്ല, ഏറെ ആശിച്ച വാങ്ങിയ ക്യാമറ നശിപ്പിക്കപ്പെട്ടു, എന്റെ ഫോട്ടോഗ്രാഫി കരിയര്‍ അതോടെ നശിച്ചു.

തീസ് ഹസാരി കോടതിവളപ്പില്‍ വക്കിലന്മാരും പോലീസും തമ്മിലുണ്ടായ ലാത്തിച്ചാര്‍ജില്‍ എനിക്ക് സാരമായി പരിക്കേറ്റു. ഇന്ത്യയുടെ ആദ്യത്തെ വനിത ഐ.പി.എസ് കിരണ്‍ ബേദിയായിരുന്നു ലാത്തിച്ചാര്‍ജിന് ഉത്തരവിട്ടത്. അവര്‍ തന്നെ അടുത്തുനിന്ന പോലീസുകാരന്റെ ലാത്തി വാങ്ങിയാണ് വക്കിലന്മാരെ അടിച്ചത്. എന്റെ ക്യാമറ തകര്‍ന്നു, തലയ്ക്ക് സാരമായി പരിക്കേറ്റ ഞാന്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സുഖം പ്രാപിച്ചത്.
വനിതകള്‍ക്ക് ഏറെ വെല്ലുവിളികളുള്ള മേഖലയാണിത്. പ്രത്യേകിച്ച് പുരുഷന്മാര്‍ മാത്രമുള്ള ജോലി രംഗത്ത് സ്ത്രീകള്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും, എന്നാലും ഏറെ ആശിച്ച ജോലി എന്ന നിലയ്ക്ക് ഞാന്‍ ഏറെ ആസ്വദിച്ച ജോലിയാണ് ഫോട്ടോജേര്‍ണലിസ്റ്റിന്റേത്.
ക്യാമറയില്‍ നിന്നും നേരെ പത്രം ഓഫീസിലെ ഫോട്ടോ എഡിറ്ററുടെ കംപ്യൂട്ടറിലേക്ക് ചിത്രങ്ങള്‍ അയക്കാവുന്ന ഇന്നത്തെ കാലത്തെ നോക്കുക, എത്രവേഗമാണ് ഡിജിറ്റല്‍ യുഗം ജോലിയുടെ വേഗവും കൃത്യതയും കൂട്ടിയത്.

പരമ്പരാഗത യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച എനിക്ക് ആദ്യകാലങ്ങളില്‍ ഫോട്ടോഗ്രാഫി ജോലിക്ക് പോകുമ്പോള്‍ സാരിമാത്രമായിരുന്നു വേഷം. സാരിമാത്രം ധരിക്കാനെ വീട്ടുകാര്‍ അക്കാലത്ത് അനുവദിച്ചിരുന്നുള്ളൂ. ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും സിനിമ താരവുമായ എന്‍.ഡി.രാമറാവുവിന്റെ ഡല്‍ഹി സന്ദര്‍ശനം കവറുചെയ്യാന്‍ പോയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് സാരി അഴിഞ്ഞുപോകാനിടയായി, ഈ സംഭവത്തോടെ സാരിയോട് വിടപറഞ്ഞ് ചുരിദാറിലേക്ക് മാറി.

അയോദ്ധ്യയിലെ ബാബറി മസ്ജിദ് സംഭവങ്ങളും സരസ്വതിയുടെ ക്യാമറയ്ക്ക് വിഷയമായി. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുമ്പുള്ള ദൃശ്യങ്ങളും, പിന്നീട് തകര്‍ക്കപ്പെട്ടതിനുശേഷമുള്ള സംഘര്‍ഷങ്ങളും രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ശിലാന്യാസം അടക്കമുള്ള ചിത്രങ്ങളും സരസ്വതിക്ക് പകര്‍ത്താനായി.
മീററ്റില്‍ നടന്ന വംശീയകലാപം. കലാപത്തിനുശേഷ മുള്ള പോലീസ് നടപടികള്‍ ഇവയും സരസ്വതിയുടെ ക്യാമറയ്ക്ക് വിഷയമായിട്ടുണ്ട്.
ഫോട്ടോഗ്രാഫി ഒരു തൊഴില്‍ എന്നതിനപ്പുറം മനസ്സിന് സന്തോഷം നല്‍കുന്ന ഒരു തപസ്യയാണിവര്‍ക്ക്. അതിനാല്‍ താന്‍ പകര്‍ത്തിയ ചിത്രങ്ങളുടെ വാണിജ്യമൂല്യമല്ല അത് തനിക്ക് നേടിത്തന്ന സന്തോഷമാണ് അവരെ വീണ്ടും ക്യാമറയെയും ചിത്രങ്ങളെയും പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഫോട്ടോഗ്രാഫി അതെടുക്കുന്ന വ്യക്തിയുടെ മാത്രം സൃഷ്ടിയായ ഒരു കാലത്തിന്റെ പ്രതിനിധിയാണ് സരസ്വതി. കാരണം ഇന്നത്തെപ്പോലെ ക്ലിക്ക് ബട്ടണ്‍ അമര്‍ത്തി ഫോട്ടോഗ്രഫറാകില്ല. മാനുവല്‍ ഫിലിം ക്യാമറയാണ് കയ്യില്‍. ഫോക്കസ് മുതല്‍ എല്ലാം ഫോട്ടോഗ്രാഫറുടെ കൈയ്യിലാണ്. മാത്രമല്ല ഫിലിം പ്രോസസ്സ് ചെയ്ത് പ്രിന്റിംഗ് വരെ എല്ലാം സ്വയം ചെയ്ത് പ്രാവീണ്യം നേടിയ കൈകളാണിത്. അതിനാല്‍തന്നെ ഒരു ചിത്രം മനസില്‍ പിറക്കുന്നതു മുതല്‍ അത് ഫിലിമിലേക്കും പിന്നെ ഡാര്‍ക്ക് റൂമില്‍ ബ്രോമൈഡ് പേപ്പറിലേക്ക് പകര്‍ത്തപ്പെടുന്നതുവരെ ഈ കൈകളുടെ ജോലി തുടരുകയാണ്.
തീര്‍ത്തും പാരമ്പര്യവാദികളായ ഒരു കുടുംബത്തിലായിരുന്നു അവരുടെ ജനനം. പിതാവ് കൊല്ലം സ്വദേശി എന്‍.ആര്‍ സ്വാമി, മാതാവ് രാജം സ്വാമി തിരുവനന്തപുരം സ്വദേശിനി. ജനിച്ചതും വളര്‍ന്നതുമെല്ലാം ഡല്‍ഹിയിലായിരുന്നു.
ഇന്ദിരഗാന്ധി മുതല്‍ ഡോ.മന്‍മോഹന്‍ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരുടെ ചിത്രങ്ങളെടുക്കാന്‍ സാധിച്ചത് ഒരു ഭാഗ്യമായി കാണുന്നു സരസ്വതി. ഇന്ദിര വധത്തെത്തുടര്‍ന്നുള്ള കലാപങ്ങളും പകര്‍ത്താന്‍ സാധിച്ചു. എന്നാല്‍ താന്‍ ജോലി ചെയ്ത നല്ലകാലത്തെ ചിത്രങ്ങളോ അവയുടെ നൈഗറ്റീവ് ഫിലുമുകളോ ഇപ്പോള്‍ കൈവശമില്ല. അക്കാലത്തെ പല ചിത്രങ്ങളും തീര്‍ച്ചയായും ഇന്ന് വിലപ്പെട്ടതാണ് കാരണം മണ്‍മറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണ് അവയെല്ലാം, അതൊരു സങ്കടമാണ് സരസ്വതി പറയുന്നു.

സരസ്വതി ചക്രവര്‍ത്തി ദി ഹിന്ദുവിന്റെ ഡല്‍ഹി ബ്യൂറോയിലെ ചീഫ് ഫോട്ടോഗ്രറായി വിരമിച്ച ശങ്കര്‍ ചക്രവര്‍ത്തിയുടെ ഭാര്യയാണ്. ഭര്‍ത്താവും ഭാര്യയും മകനു ഫോട്ടോഗ്രഫര്‍ മാരായ കുടുംബമാണ് സരസ്വതിയുടേത്. മകനും മകളും ഇപ്പോള്‍ കാനഡയിലാണ്. ഭര്‍ത്താവ് ശങ്കര്‍ ചക്രവര്‍ത്തി ഹിന്ദുവില്‍ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും ഫ്രീലാന്‍സറായി ജോലി ചെയ്യുന്നു. മകന്‍ സുബ്രമണ്യം ഹിന്ദുവില്‍ ഫോട്ടോഗ്രാഫറായിരുന്നു ജോലി ഉപേക്ഷിച്ച് ഇപ്പോല്‍ ക്യാനഡയില്‍ സ്വന്തം ഫോട്ടോഗ്രാഫി ബിസിനസ്സ് നടത്തുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, പഞ്ചാബി, ബംഗാളി, ഉറുദു, മലയാളം, കാഷ്മീരി ഭാഷകള്‍ വശമുണ്ട്. കേരള മീഡിയ അക്കാഡമി സരസ്വതിയെ ആദരിച്ചിട്ടുണ്ട്, കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ട് തവണയും അവാര്‍ഡ് സമ്മാനിച്ചത്. കേരളം കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ സന്നദ്ധ സംഘടനകളുടെയും ആദരം ഏറ്റുവാങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് ശങ്കര്‍ ചക്രവര്‍ത്തി താമസം കിഴക്കന്‍ ഡല്‍ഹിയോട് ചേര്‍ന്ന ഗാസിയാബാദിലെ വൈശാലിയില്‍. കോതിയും കേസുകളുമായി യൗവനത്തിന്റെ 33 വര്‍ഷങ്ങളാണ് ജീവിതത്തില്‍ നിന്നും ചോര്‍ന്നു പോയതെങ്കിലും സര്‍സ്വതിക്ക് പരിഭവമില്ല, ജീവിതം വച്ചു നീട്ടിയതെല്ലാം എല്ലാം നല്ലതിന് എന്ന വിശ്വാസമാണ് അവര്‍ക്ക്.