തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കസ്റ്റംസിന്റെ സത്യവാങ്മൂലത്തെ വിമര്‍ശിച്ച് സിപിഎം. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവില്‍ ബിജെപിക്ക് സമനില തെറ്റിയിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം എന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.
ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവര്‍ മാറി. തെരഞ്ഞടുപ്പ് പ്രചാരവേലയുടെ ഉപകരണമായി കേന്ദ്ര ഏജന്‍സികള്‍ അധപതിച്ചു. യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന വെല്ലുവിളിക്ക് ജനം മറുപടി നല്‍കും. അന്വേഷണ ഏജന്‍സികളുടെ നടപടി പരസ്യമായ ചട്ടലംഘനമാണെന്നും സിപിഎം പറഞ്ഞു.
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കസ്റ്റംസ് ഓഫീസുകളിലേക്ക് നാളെ എല്‍ഡിഎഫ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തിരിക്കുകയാണ്. എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് മ്ലേഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും വിജയരാഘവന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.