ഡല്‍ഹി: കോവിഡാനന്തര ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി. ഇന്ത്യ-ഓസ്ട്രേലിയ സര്‍ക്കുലര്‍ ഇക്കോണമി ഹാക്കത്തോണിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഉപഭോഗ രീതികള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവയുടെ പാരിസ്ഥിതിക ആഘാതം എങ്ങനെ കുറയ്ക്കാമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചോദിച്ചു. ഇക്കാര്യത്തില്‍ നമ്മുടെ പല വെല്ലുവിളികളും പരിഹരിക്കുന്നതിനുള്ള പ്രധാന നടപടിയാണ് സുസ്ഥിര സമ്പദ്ഘടന എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ-ഓസ്ട്രേലിയ സര്‍ക്കുലര്‍ ഇക്കോണമി ഹാക്കത്തോണിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വസ്തുക്കള്‍ പുതുക്കി ഉപയോഗിക്കുകയും പുനരുപയോഗിക്കുകയും ചെയ്യുക, മാലിന്യങ്ങള്‍ നീക്കം ചെയ്യുക, വിഭവ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവ നമ്മുടെ ജീവിതശൈലിയുടെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹാക്കത്തോണില്‍ പ്രദര്‍ശിപ്പിച്ച നവീനാശയങ്ങള്‍ സുസ്ഥിര സാമ്പത്തിക പരിഹാരങ്ങള്‍ക്ക് മുന്‍കൈയെടുക്കാന്‍ ഇരു രാജ്യങ്ങളെയും പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ ആശയങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാനും ഇന്‍കുബേറ്റ് ചെയ്യുന്നതിനുമുള്ള വഴികള്‍ കണ്ടെത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ”നാം ഒരിക്കലും മറക്കരുത്, ഭൂമി വാഗ്ദാനം ചെയ്യുന്ന എല്ലാറ്റിന്റെയും ഉടമകളല്ല നാം, മറിച്ച് ഭാവിതലമുറകള്‍ക്കായുള്ള അതിന്റെ രക്ഷാധികാരികളാണ് ‘, പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മുന്നോട്ടുള്ള പങ്കാളിത്തത്തിന്റെ പ്രതീകമാണ് ഹാക്കത്തോണിലെ ഇന്നത്തെ യുവാക്കളുടെ ഊര്‍ജ്ജവും ഉത്സാഹവും എന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനു ശേഷമുള്ള ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ശക്തമായ ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കും. നമ്മുടെ യുവാക്കള്‍, നമ്മുടെ നവീനാശയക്കാര്‍, നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ ഈ പങ്കാളിത്തത്തിന്റെ മുന്‍പന്തിയിലായിരിക്കും ”പ്രധാനമന്ത്രി പറഞ്ഞു.