ഡല്‍ഹി: ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ കേന്ദ്ര മന്ത്രി എം. ജെ അക്ബര്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ട കേസ് കോടതി തള്ളി. കേസില്‍ പ്രിയാ രമണിയെ കോടതി കുറ്റവിമുക്തയാക്കി. ദശാബ്ദങ്ങള്‍ കഴിഞ്ഞാലും സ്ത്രീക്ക് പരാതി നല്‍കാന്‍ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന അക്ബറിനതിരെ 2018 ഒക്ടോബറിലാണ് പ്രിയ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയത്.
ലൈംഗിക പീഡനത്തിന് ഇരയാകുന്ന ആള്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങളും ക്ലേശങ്ങളും സമൂഹം മനസ്സിലാക്കണം. സാമൂഹ്യമായി വലിയ നിലയിലുള്ള ആള്‍ക്കും ലൈംഗിക പിഡകനാകാന്‍ കഴിയും. അത്തരം പ്രവൃത്തി ഒരാളുടെ അന്തസ്സും ആത്മാഭിമാനവും ഇല്ലാതാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറാണ് വിധി പ്രസ്താവിച്ചത്.
മീടു വെളിപ്പെടുത്തലുകളുടെ ഭാഗമായായിരുന്നു എം. ജെ അക്ബറിനെതിരെ പ്രിയയുടെ വെളിപ്പെടുത്തല്‍. ഇതിനു പിന്നാലെ മറ്റു സ്ത്രീകളും രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് അക്ബര്‍ തന്റെ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. രാജി വെച്ചതിനു പിന്നാലെ രമണിക്കെതിരെ അക്ബര്‍ മാനനഷ്ടക്കേസ് സമര്‍പ്പിക്കുകയായിരുന്നു. മന്ത്രി എന്ന നിലയ്ക്കു മാത്രമല്ല വര്‍ഷങ്ങള്‍ കൊണ്ട് താന്‍ ആര്‍ജ്ജിച്ചെടുത്ത കീര്‍ത്തിയും ബഹുമാനവും തന്റെ കുടുംബത്തിനിടയിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നഷ്ടപ്പെടുത്തിയെന്നും അക്ബര്‍ പറയുന്നു. തനിക്കെതിരെ ഉന്നയിച്ച തെറ്റായ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ആരോപണം ഉന്നയിച്ച പ്രിയയെ വിചാരണ ചെയ്യണമെന്ന ആവശ്യവും അക്ബര്‍ ഉന്നയിച്ചിട്ടുണ്ട്.











