പുതുച്ചേരി: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കിരണ്‍ ബേദിയെ മാറ്റി. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന് താത്ക്കാലിക ചുമതല നല്‍കി രാഷ്ട്രപതി ഭവന്‍ ഉത്തരവിറക്കി. പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നടപടി. തമിഴ്നാട് ബിജെപി ഘടകത്തിന്റെ മുന്‍ അധ്യക്ഷനായിരുന്നു തമിഴിസൈ സൗന്ദര്രാജന്.
അതേസമയം ഭരണകക്ഷി എംഎല്‍എമാരുടെ രാജി പുതുച്ചേരി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. മുഖ്യമന്ത്രി നാരായണസ്വാമിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കാമരാജ് നഗര്‍ എംഎല്‍എ ജാന്‍കുമാര്‍ കൂടി രാജിവച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെയാണ് രണ്ട് ദിവസത്തിനുള്ളില്‍ നാല് കോണ്‍ഗ്രസ് മന്ത്രിമാരാണ് രാജിവെച്ചത്.