അബുദാബി: അബൂദബിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. 12 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ നിശ്ചിത കാലയളവില്‍ തുടര്‍ച്ചയായി പരിശോധനയ്ക്ക് വിധേയരാകണം. സ്‌കൂളില്‍ പ്രവേശിക്കാന്‍ രക്ഷിതാക്കള്‍ക്കും ടെസ്റ്റ് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.
സ്‌കൂളിന് അനുവദിക്കുന്ന പരിശോധന കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന സൗജന്യമായിരിക്കും. എന്നാല്‍ മറ്റു കേന്ദ്രങ്ങളില്‍ പരിശോധനക്ക് പണം നല്‍കേണ്ടിവരും. സ്‌കൂളിന് അനുവദിച്ച കേന്ദ്രം ഏതാണെന്ന് അറിയാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. ഒന്നാംക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒന്നര മീറ്റര്‍ അകലവും വേണം.
അതേസമയം ഭിന്നശേഷിക്കാരായി വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധന ആവശ്യമില്ല. അധ്യാപകര്‍ 14 ദിവസം കൂടുമ്പോള്‍ പരിശോധന നടത്തണം. സ്‌കൂളില്‍ പ്രവേശിക്കണമെങ്കില്‍ രക്ഷിതാക്കള്‍ 96 മണിക്കൂറിനുള്ളിലെ പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരിക്കണമെന്നും അഡെക്കിന്റെ നിര്‍ദേശത്തില്‍ പറയുന്നു. വിദേശയാത്ര കഴിഞ്ഞുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കുള്ള നിബന്ധനകള്‍ ബാധകമായിരിക്കും.
മാറാരോഗികളായ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ സ്‌കൂളിലേക്ക് വരുന്നുണ്ടെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒപ്പം കോവിഡ് വെല്ലുവിളികളെ കുറിച്ച് ബോധവാനാണ് എന്ന സത്യവാങ്മൂലവും സമര്‍പ്പിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര വിദ്യാഭ്യാസം തെരഞ്ഞെടുക്കാന്‍ അവസരമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.













