തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന വിവാദം ഇല്ലാത്ത പ്രശ്‌നത്തിന്റെ പേരിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 2016-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റ് ആയിരിക്കെ ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലമാണ് ഇപ്പോഴും ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഉള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ വലിയ പരാജയത്തിന് കാരണം ശബരിമല വിഷയമല്ലെന്നും കാനം വ്യക്തമാക്കി.
‘സുപ്രീംകോടതിയുടെ സജീവ പരിഗണനയിലിരിക്കുന്നതാണ് ശബരിമല വിഷയം. ഇപ്പോള്‍ ശബരിമലയില്‍ ഇല്ലാത്ത പ്രശ്നത്തിന്റെ പേരിലാണ് പ്രതിപക്ഷം വാദങ്ങള്‍ ഉന്നയിക്കുന്നത്. ഞങ്ങള്‍ എന്തായാലും അതിന്റെ പിന്നാലെയൊന്നും പോകാന്‍ പോകുന്നില്ല. ഇഷ്ടമുള്ളിടത്തോളം അവര്‍ പറഞ്ഞോട്ടെ’- കാനം പറഞ്ഞു. ശബരിമലയില്‍ ഇപ്പോള്‍ ഒരു വിഷയവുമില്ല. രമേശ് ചെന്നിത്തല പറയട്ടെ, ശബരമലയില്‍ ഇപ്പോള്‍ എന്താണ് പ്രശ്നമെന്ന്. അവിടെ പൂജ നടക്കുന്നില്ലേ, ആരാധന നടക്കുന്നില്ലേ, ആചാരങ്ങള്‍ അനുഷ്ഠിക്കുന്നില്ലേ. പിന്നെ എന്താണ് പ്രശ്നം’- അദ്ദേഹം ചോദിച്ചു.
2019-ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയത്തെ കുറിച്ചുള്ള ചോദ്യത്തിന് ആ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉയര്‍ന്ന വിഷയം ഇന്ത്യയില്‍ ഒരു മതേതര സര്‍ക്കാര്‍ വേണമോ വേണ്ടയോ എന്നതായിരുന്നുവെന്ന് കാനം മറുപടി പറഞ്ഞു. ഒരു മതനിരപേക്ഷ സര്‍ക്കാരുണ്ടാക്കാന്‍ എല്‍ഡിഎഫിനേക്കാള്‍ പ്രാപ്തമായിട്ടുള്ളത് കോണ്‍ഗ്രസാണെന്ന് സാധാരണ ജനങ്ങള്‍ തെറ്റിദ്ധരിച്ചുവെന്നും ശബരിമല സമരമാണ് തെരഞ്ഞെടുപ്പില്‍ സജീവ വിഷയമായതെങ്കില്‍ സമരം ചെയ്ത ബിജെപിക്കാരല്ലെ ജയിക്കേണ്ടതെന്നും കാനം ചൂണ്ടിക്കാട്ടി.