കോണ്‍ഗ്രസുമായി അകല്‍ച്ച തുടരുന്ന ആലപ്പുഴയില്‍ മുസ്ലിം ലീഗ് യുഡിഎഫ് നേതൃയോഗം ബഹിഷ്‌കരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത യോഗമാണ് ലീഗ് ബഹിഷ്‌കരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പുകാലത്ത് തുടങ്ങിയ അകല്‍ച്ച ഇതോടെ മൂര്‍ഛിച്ചു.
കായംകുളം നഗരസഭ സ്ഥിരംസമിതി തെരഞ്ഞെടുപ്പില്‍ പോലും ലീഗിന്റെ സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് വോട്ട് ചെയ്തില്ലെന്നതാണ് പുതിയ പരാതി. ഇവിടെ ലീഗ് പ്രതിനിധി തോറ്റു. ബിജെപി ജയിച്ചു. ഇക്കാര്യമടക്കം ഉന്നയിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചചെയ്യാന്‍ കൂട്ടാക്കാത്തതും പ്രകോപന കാരണമായി.
നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ സീറ്റ് വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ചര്‍ച്ചയ്ക്കുപോലും എടുക്കുന്നില്ലെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിലടക്കം മത്സരിക്കാന്‍ സീറ്റ് അനുവദിക്കാത്തതും ലീഗിന്റെ അമര്‍ഷത്തിന് കാരണമായി.