ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയില്‍ മോചിതയായ വി.കെ ശശികല ഇന്ന് ചെന്നൈയിലെത്തും. ബെംഗളൂരു മുതല്‍ ചെന്നൈ വരെ 32 ഇടങ്ങളിലാണ് സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ടി നഗറിലുള്ള എംജിആറിന്റെ വസതിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം ശശികല പ്രവര്‍ത്തകരെ കാണും.
ശശികലക്കൊപ്പം ഇളവരശിയും ചെന്നൈയിലേക്ക് എത്തും. ശശികലയുടെ വരവിനോടനുബന്ധിച്ച് അണ്ണാ ഡിഎംകെ ആസ്ഥാനത്തും പൊയസ് ഗാര്‍ഡനിലെ ജയ സ്മാരകത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയില്‍ 1,500 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ദേവനഹള്ളിയിലെ റിസോര്‍ട്ടില്‍ നിന്ന് രാവിലെ 9 മണിക്ക് ശശികല ഹൊസൂറിലേക്കെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവിടേക്ക് നിരവധി ശശികല അനുകൂലികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ജയ സമാധിയിലേക്കുള്ള റാലിക്ക് അനുമതിയുണ്ടെന്നാണ് ദിനകര പക്ഷം പറയുന്നത്. എന്നാല്‍ അനുമതി നല്‍കിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.
5000 പ്രവര്‍ത്തകര്‍ ശശികലയുടെ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം. അണ്ണാ ഡിഎംകെയുടെ ഇപ്പോഴത്തെ നേതാവ് താന്‍ തന്നെയാണ് എന്ന നിലപാട് പ്രഖ്യാപിക്കാനാണ് ശശികലയുടെ ഇന്നത്തെ നീക്കങ്ങളെന്നാണ് സൂചന. ഇപിഎസ്-ഒപിഎസ് പക്ഷം ശശികലയെ നേരത്തെ അണ്ണാ ഡിഎംകെയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ജയലളിതയെ ചതിച്ചവര്‍ക്കൊപ്പം പോകാനില്ലെന്ന നിലപാടാണ് ശശികല സ്വീകരിച്ചത്.
അതിനിടെ, ശശികലയുടെ ബിനാമി സ്വത്തുക്കള്‍ സര്‍ക്കാര്‍ ഇന്നലെ കണ്ടുകെട്ടി. നൂറ് കോടിയിലധികം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ചെന്നൈയിലെ ആറിടങ്ങളിലെ ബംഗ്ലാവും ഭൂമിയും കണ്ടുകെട്ടി. ഇളവരശിയുടേയും സുധാകരന്റെയും പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.











