ന്യൂഡല്‍ഹി: കര്‍ഷകര്‍ രാജ്യവ്യാപകമായി ആഹ്വനം ചെയ്ത റോഡ് തടയല്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷ. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സിഘു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചിട്ടു. 50,000 പോലീസുകാരെയും അര്‍ധസേന വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ 10 മെട്രോ സ്‌റ്റേഷനുകളും അടച്ചു.
ഉച്ചയ്ക്ക് 12 മണിമുതല്‍ 3 മണിവരെയാണ് ഉപരോധം. സമാധാനപരമായിരിക്കണം ഉപരോധമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ വഴിതടയല്‍ ഉണ്ടാവില്ലെന്ന് ഭാരതീയ കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത് അറിയിച്ചു. സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍, അവശ്യ വസ്തുക്കളുമായി പോകുന്ന വാഹനങ്ങള്‍ എന്നിവ കടത്തിവിടുമെന്നാണ് സംയുക്തകിസാന്‍ മോര്‍ച്ച അറിയിച്ചത്. മൂന്ന് മണിക്ക് ഒരു മിനിറ്റ് വാഹനങ്ങളുടെ സൈറണ്‍ മുഴക്കി ആയിരിക്കും സമരം സമാപിക്കുക.
അതേസമയം കര്‍ഷകരടെ റോഡ് ഉപരോധത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തെത്തി. രാജ്യവ്യാപക റോഡ് ഉപരോധം രാജ്യതാല്‍പ്പര്യത്തിനെന്ന് രാഹുല്‍ പ്രതികരിച്ചു. വിവാദ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് മാത്രമല്ല, രാജ്യത്തിനും അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.