മുംബൈ: കോവിഡ് മുന്‍നിര പോരാളികളില്‍ വാക്സീനേഷന്‍ നടപടികള്‍ ആരംഭിച്ച് മുംബൈ. ഫെബ്രുവരി നാല് മുതലാണ് ബ്രിഹന്‍ മുംബൈ മുന്‍സിപ്പാലിറ്റി കോവിഡ് മുന്‍നിര പോരാളികളില്‍ വാക്സിനേഷന്‍ നടപടികള്‍ ആരംഭിച്ചത്.
അതേസമയം കോവിന്‍ ആപ്പില്‍ നിലനിന്ന പ്രശ്നങ്ങള്‍ വാക്സിനേഷന് തടസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആപ്പിലെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാതെയാണ് ഇപ്പോള്‍ രണ്ടാംഘട്ട വാക്സീനേഷന്‍ നടപടികളിലേക്ക് കടന്നിരിക്കുന്നത്. പോലീസ്, ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെയാണ് രണ്ടാം ഘട്ടത്തിനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടാംഘട്ട കോവിഡ് വാക്സീനേഷനായി മുംബൈ സജ്ജമാണെന്നാണ് ബിഎംസി അഡീഷണല്‍ മുന്‍സിപ്പല്‍ കമ്മീഷണര്‍ സുരേഷ് കഖാനി പറയുന്നു. മരുന്ന് കുത്തിവയ്ക്കുന്നതിനാവശ്യമായ തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു. 12 വാക്സീനേഷന്‍ സെന്ററുകളിലായി 80 ബൂത്തുകളില്‍ വാക്സീന്‍ വിതരണം ആരംഭിച്ചിരിക്കുകയാണ്.
രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വാക്സീനേഷന്‍ നടക്കുന്നത്. ഏതാണ്ട് 8,000 പേര്‍ രണ്ടാംഘട്ട വാക്സീനേഷന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് പേരടങ്ങുന്ന മെഡിക്കല്‍ ടീം ഓരോ ബൂത്തിലുമുണ്ടാകും.