തലശ്ശേരി: മുഖ്യമന്ത്രിക്കെതിരെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ നടത്തിയ വിവാദ പരാമര്‍ശത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ കുടുംബ പശ്ചാത്തലം സംബന്ധിച്ചുള്ള കെ.സുധാകരന്റെ പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്ന് ചെന്നിത്തല പറഞ്ഞു.
യുഡിഎഫിന്റെ ഐശ്വര്യ കേരളയാത്രക്ക് തലശേരിയില്‍ ഒരുക്കിയ സ്വീകരണ യോഗത്തിലായിരുന്നു വിവാദ പരാമര്‍ശം ഉണ്ടായത്. ‘ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് മുഖ്യമന്ത്രിയായ പിണറായിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാങ്ങിയത് തൊഴിലാളി വര്‍ഗ പാര്‍ട്ടിക്ക് അഭിമാനിക്കാന്‍ വകയുള്ളതാണോ എന്നു സിപിഎം ചിന്തിക്കണം’ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.
അതേസമയം സിപിഎം ആക്ടിംഗ് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെതിരെ സുധാകരന്‍ കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതും ചര്‍ച്ചയായിരുന്നു. വിജയരാഘവന്‍ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും എന്നാല്‍ കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നുമായിരുന്നു കെ.സുധാകരന്‍ പരിഹസിച്ചത്.