തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടി എംപി ഇന്ന് ലോകസഭാംഗത്വം രാജിവെച്ചേക്കും. രാജി സമര്‍പ്പിക്കാനായി കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് പോയി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ കുഞ്ഞാലിക്കുട്ടി ലോകസഭയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ രാജി വെക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പും നടത്തുക എന്ന ലക്ഷ്യത്തോടെ രാജി മാറ്റിവെക്കുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും ലീഗിനെ നയിക്കുക. ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്തേക്ക് യുവനേതാക്കളെ പരിഗണിക്കുമെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. യുഡിഎഫ് ഘടക കക്ഷികള്‍ക്കിടയിലെ സ്വീകാര്യതയും സ്വാധീനവും പരിഗണിച്ചാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് കൊണ്ട് വരുന്നതെന്നാണ് യുഡിഎഫ് വിശദീകരണം.












