ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആരോഗ്യ മേഖലയെ മെച്ചപ്പെടുത്താന്‍ ആറ് വര്‍ഷത്തിനകം 64,180 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മൂന്ന് തലങ്ങളിലായാണ് ആരോഗ്യ മേഖലയുടെ സമഗ്ര വികസന പദ്ധതി തയ്യാറാക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമെയാണ് പുതിയ പാക്കേജ് പ്രഖ്യാപനം.
കോവിഡ് കാലത്ത് സമ്പദ് വ്യവസ്ഥ നേരിട്ടത് മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ്. ഇതില്‍ നിന്ന് കരകയറാന്‍ ആത്മ നിര്‍ഭര്‍ ഭാരത് സഹായിച്ചുവെന്ന് മന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിന്‍ വികസനം രാജ്യത്തിന് വലിയ നേട്ടം ഉണ്ടാക്കി. രണ്ട് വാക്സിനുകള്‍ക്ക് കൂടി ഉടന്‍ അംഗീകാരം ലഭിക്കും. കോവിഡ് വാക്സീന്‍ വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തി.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ട വാക്സിനും മറ്റു രാജ്യങ്ങള്‍ക്ക് വേണ്ട വാക്സിനും ഉത്പാദിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. രാജ്യത്തെ ലാബുകള്‍ തമ്മില്‍ ബന്ധിപ്പിക്കും. 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനെ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി.