മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെതിരെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി രംഗത്ത്. വിജരാഘവന്‍ എന്തിനേയും വര്‍ഗീയവത്ക്കരിക്കാനാണ് ശ്രമിക്കുന്നതന്ന് ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.
യുഡിഎഫ് നേതാക്കളുടെ പാണാക്കാട് സന്ദര്‍ശനത്തെ പോലും വര്‍ഗീയായാണ് വിജയരാഘവന്‍ കാണുന്നത്. പാണക്കാട് പോകാന്‍ കഴിയാത്തതിന്റെ നിരാശയാണ് വിജയരാഘവനെക്കൊണ്ട് വര്‍ഗീയത പറയിക്കുന്നതെന്നും താന്‍ ഇനിയും പാണക്കാട്ടേക്ക് പോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സീറ്റും സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായിതന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവസരത്തിനൊത്ത് രാഷ്ടീയ നിലപാട് മാറ്റുന്ന പാര്‍ട്ടിയാണ് സിപിഎം. കെ.എം മാണിയുടെ പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ വരെ സിപിഎമ്മിന് മടിയുണ്ടായില്ല. കെ.എം മാണി അഴിമതിക്കാരനല്ല എന്ന നിലപാടില്‍ അന്നും ഇന്നും കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.












