ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍. ജനിതക മാറ്റം വന്ന അതിതീവ്ര കോവിഡ് വൈറസ് ഇതുവരെ 153 പേര്‍ക്ക് സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ 147 ജില്ലകളില്‍ കഴിഞ്ഞ ഏഴു ദിവസമായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടാഴ്ചയായി 18 ജില്ലകള്‍ കോവിഡ് മുക്തമാണ്. കഴിഞ്ഞ 21 ദിവസമായി ആറു ജില്ലകളിലും കഴിഞ്ഞ 28 ദിവസമായി 21 ജില്ലകളിലും ഒരാള്‍ക്ക് പോലും കോവിഡ് ബാധിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തും. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.
ആര്‍ടിപിസിആര്‍ പരിശോധനകള്‍ കുറച്ചതാണ് കേരളത്തില്‍ കോവിഡ് സാഹചര്യം രൂക്ഷമാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് കടന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി.












