ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് രാഷ്ട്രീയ ഉള്ളടക്കം കുറക്കാന്‍ ഫേസ്ബുക്കിന്റെ നീക്കം. ആളുകള്‍ തമ്മിലുള്ള ഭിന്നതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.
നിയന്ത്രണങ്ങള്‍ ലോക വ്യാപകമായി നടപ്പാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി രാഷ്ട്രീയ പേജ്, പോസ്റ്റ് നോട്ടിഫിക്കേഷുകള്‍ കുറയ്ക്കും. വ്യക്തികള്‍ രാഷ്ട്രീയ ഗ്രൂപ്പുകളില്‍ അംഗമാകുന്നത് പ്രോത്സാഹിപ്പിക്കില്ല. ഗ്രൂപ്പ് സജഷനുകളില്‍ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കുമെന്നും രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ കുറയ്ക്കുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
ട്രംപിനും ചില തീവ്ര അനുയായികള്‍ക്കും സംഘങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കാലത്തു തന്നെ ഫേസ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കാപ്പിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും ഈ മാറ്റങ്ങള്‍ നടപ്പാക്കി. ഇത് ആഗോളതലത്തില്‍ വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.