ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20-ലധികം
കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്. സംഘര്‍ഷത്തില്‍ എട്ട് ബസുകളും 17 സ്വകാര്യവാഹനങ്ങളും പ്രക്ഷോഭകര്‍ നശിപ്പിച്ചതായി പോലീസ് അറിയിച്ചു. റാലിയില്‍ പങ്കെടുത്ത 215 പേര്‍ക്കും 110 പോലീസുകാര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.
അതേസമയം സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകനെയും പോലീസ് പ്രതിചേര്‍ത്തതായാണ് വിവരം. പോലീസിനു നേരെ വാള്‍ വീശിയ നിഹാങ്ക് സിഖുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുകര്‍ബ ചൗക്ക്, ഗാസിപുര്‍, ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലെ സംഘര്‍ഷത്തിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. പോലീസ് നിശ്ചയിച്ച പാതകളില്‍ നിന്ന് വ്യതിചലിച്ച് നടത്തിയ ട്രാക്ടര്‍ റാലിയിലാണ് സംഘര്‍ഷമുണ്ടായത്.












