ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിക്കിടെ മരിച്ച കര്‍ഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു എന്ന് കര്‍ഷകര്‍. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ദീന്‍ദയാല്‍ ഉപാധ്യായ റോഡില്‍ പ്രതിഷേധിക്കുകയാണ്. ഉത്തരാഖണ്ഡില്‍നിന്നുള്ള കര്‍ഷകനാണ് മരിച്ചത്. പോലീസിന്റെ വെടിയേറ്റപ്പോള്‍ ട്രാക്ടറിന് ബാലന്‍സ് തെറ്റുകയായിരുന്നുവെന്ന് സഹോദരനും ദൃക്‌സാക്ഷികളും വെളിപ്പെടുത്തി.
കര്‍ഷകന്റെ തലച്ചോറ് പുറത്തായ നിലയിലാണ് ഉള്ളത്. കണ്ണിന്റെയും മുഖത്തിന്റെയും ഭാഗങ്ങള്‍ തകര്‍ന്ന നിലയിലാണ്. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്ന് പോലീസ് പറയുന്നു. പോലീസിന്റെ കല്ലേറിനിടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. പോലീസ് വച്ച തടസ്സങ്ങളെല്ലാം നീക്കി കര്‍ഷകര്‍ ഡല്‍ഹിയുടെ ഹൃദയഭാഗത്ത് പ്രവേശിച്ചിട്ടുണ്ട്. വഴിയിലുടനീളം പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.











