ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് നാളെ നടക്കാനിരിക്കുന്ന ട്രാക്ടര്‍ റാലിക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. റിപ്പബ്ലിക് ദിനാഘോഷ പരേഡ് അവസാനിച്ചാല്‍ ട്രാക്ടര്‍ റാലി തുടങ്ങും. തലസ്ഥാന നഗരത്തെ വലയംവെക്കും വിധം 100 കിലോമീറ്റര്‍ ദൂരത്തില്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
പച്ച ജാക്കറ്റ് അണിഞ്ഞായിരിക്കും കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കുക. ട്രാക്ടര്‍ റാലിക്കായി ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിത്തുടങ്ങി. പോലീസുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംഘടനകള്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
രാജ്പഥിലെ പരേഡ് സമാപിച്ച ശേഷമാണ് റാലി തുടങ്ങുക. സിംഘു, തിക്രി, ഗാസിപുര്‍ എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങുന്ന റാലികള്‍ ഡല്‍ഹിക്കകത്ത് പ്രവേശിച്ച് തിരികെ സമര ഭൂമിലെത്തുന്ന തരത്തിലാണ് ക്രമീകരണം. ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് റാലിക്ക് പോലീസ് സുരക്ഷ ഒരുക്കും.











