ഡല്‍ഹി: രാജ്യത്തെ പൊതു ഗതാഗത സംവിധാനം ജനസൗഹൃദവും, സുരക്ഷിതവും, ചിലവുകുറഞ്ഞതും, എല്ലാവര്‍ക്കും ലഭ്യമാകുന്നതും, മികച്ചതും, മാലിന്യവിമുക്തവും ആകേണ്ടതുണ്ട് എന്ന് കേന്ദ്ര മന്ത്രി ശ്രീ നിതിന്‍ ഗഡ്ഗരി. രാജ്യത്തെ പൊതു ഗതാഗത സംവിധാനം മുഴുവനായും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാനും കൂടുതല്‍ ഫലപ്രദം ആകുവാനും ഒരു ദേശീയ പൊതു മൊബിലിറ്റി കാര്‍ഡ് വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗതാഗത വികസന സമിതിയുടെ നാല്പതാമത് സമ്മേളനത്തെ ഇന്നലെ വൈകിട്ട് അഭിസംബോധന ചെയ്യവേ ബസ്സുകളുടെ പ്രവര്‍ത്തനത്തിന് ഫോസില്‍ ഇതര ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സിഎന്‍ജി, എല്‍എന്‍ജി, എഥനോള്‍ അടങ്ങിയ ഇന്ധനങ്ങള്‍ എന്നിവയ്‌ക്കൊപ്പം വൈദ്യുത വാഹനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാര്‍ക്കൊപ്പം, ഗതാഗത സെക്രട്ടറിമാരും, ഗതാഗത കമ്മീഷണര്‍മാരും യോഗത്തില്‍ പങ്കെടുത്തു. പൊതുഗതാഗത സംവിധാനം ആധുനികവല്‍ക്കരിക്കാനും കൂടുതല്‍ മികച്ചതാക്കാനും സംസ്ഥാനങ്ങള്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ശ്രീ ഗഡ്കരി വാഗ്ദാനം ചെയ്തു. FAME-II പോലെയുള്ള എല്ലാ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളുടേയും ഗുണഫലങ്ങള്‍ സംസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതുവഴി സാവധാനം വൈദ്യുത വാഹനങ്ങളിലേക്ക് മാറാനും ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുഗതാഗത സംവിധാനത്തിന്റെയും ബസ്സുകളുടെയും ഗുണമേന്മ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.