ദുബായ്: ശക്തമായ മൂടല്‍ മഞ്ഞില്‍ ദുബൈയില്‍ 24 റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ദുബായ് പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ അറിയിച്ചു. ഇതില്‍ രണ്ടെണ്ണം വലിയ അപകടങ്ങള്‍ ആയിരുന്നു. രാവിലെ ആറിനും ഒമ്പത് മണിക്കുമിടയിലെ മൂന്ന് മണിക്കൂര്‍ കൊണ്ടാണ്, കാഴ്ചമറക്കുന്ന തരത്തിലുള്ള മൂടല്‍മഞ്ഞ് കാരണം ഇത്രയും അപകടങ്ങള്‍ സംഭവിച്ചത്. ഈ സമയത്തിനിടെ പൊലീസ് സഹായം 1810 അടിയന്തര ഫോണ്‍ കാളുകളും ലഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.
അപകടങ്ങളുടെ എണ്ണം കുറക്കാനായി ദേശീയപാതകളില്‍ ട്രക്കുകള്‍ സഞ്ചരിക്കുന്നത് തടയാനായി ഞായറാഴ്ച പുലര്‍ച്ച മുതല്‍ മറ്റ് എമിറേറ്റുകളുമായി പൊലീസ് ‘ഫോഗ് സിസ്റ്റം’ നടപ്പാക്കിയതായി കേണല്‍ ബിന്‍ ഫാരെസ് പറഞ്ഞു. അസ്ഥിരമായ കാലാവസ്ഥയില്‍ ട്രാഫിക് നിര്‍ദേശങ്ങള്‍ പാലിക്കണം. വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ദൃശ്യപരത കുറവായതിനാല്‍ മൂടല്‍മഞ്ഞ് അല്ലെങ്കില്‍ മഴയുള്ള കാലാവസ്ഥയില്‍ ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ വളരെ കഠിനമായിരിക്കും -അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാസമയത്തും വേഗപരിധി പാലിക്കണമെന്നും വേഗം കുറക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും മൂടല്‍മഞ്ഞില്‍ വാഹനമോടിക്കുമ്പോള്‍ ലൈറ്റുകളും ഹെഡ് ബീമുകളും ഓണാക്കണമെന്നും ദുബായ് പൊലീസ് വാഹനമോടിക്കുന്നവരോട് അഭ്യര്‍ഥിച്ചു.കഴിഞ്ഞ ആഴ്ചയിലേക്കാള്‍ 30 ശതമാനം അധികം ഫോണ്‍ കാളുകളാണ് അടിയന്തര സഹായം തേടി ലഭിച്ചിരിക്കുന്നതെന്ന് ദുബായ് പൊലീസ് ഡയറക്ടര്‍ ഓഫ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ കേണല്‍ തുര്‍ഖി അബ്ദുറഹ്‌മാന്‍ ബിന്‍ ഫറാസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച 1257 ഫോണ്‍ അത്യാവശ്യ ഫോണ്‍കാളുകളും 26 റോഡ് അപകടങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

















