ബ്രിസ്‌ബെയ്ന്‍: നാലാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ആസ്‌ട്രേലിയ 369 റണ്‍സിന് പുറത്ത്. ഇന്ത്യന്‍ യുവ ബോളിങ് നിരയുടെ കരുത്തിലാണ് ആസ്‌ട്രേലിയയെ 369 ല്‍ പിടിച്ച് കെട്ടാനായത്. രണ്ടാം ദിനം 95 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് അന്താരാഷ്ട്ര ടെസ്റ്റില്‍ വലിയ അനുഭവസമ്പത്തില്ലാത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിയത്.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെന്ന നിലയിലായിരുന്നു കഴിഞ്ഞദിവസം ആസ്‌ട്രേലിയ ഇന്നിങ്‌സ് അവസാനിപ്പിച്ചിരുന്നത്. ശനിയാഴ്ച ആദ്യം ക്യാപ്റ്റന്‍ ടിം പെയ്‌നാണ് പുറത്തായത്. 104 പന്തില്‍ 50 റണ്‍സെടുത്ത നായകനെ ഷര്‍ദുല്‍ താക്കൂറാണ് പുറത്താക്കിയത്.
അടുത്ത ഓവറില്‍ കാമറൂണ്‍ ഗ്രീന്‍ അര്‍ധ സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെ വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി. തുടര്‍ന്ന് ബാറ്റിങ്ങിനെത്തിയ പാറ്റ് കമ്മിന്‍സിനും വലിയ ആയുസ്സുണ്ടായിരുന്നില്ല. തന്റെ അടുത്ത ഓവറില്‍ താക്കൂര്‍ കമ്മിന്‍സിനെ (2) എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കി.
മൂന്ന് ഓവറിനുള്ളില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും വാലറ്റക്കാര്‍ പൊരുതിയതോടെ ആതിഥേയരുടെ സ്?കോര്‍ 369ല്‍ എത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് (20*), നഥാന്‍ ലിയോണ്‍ (24), ജോഷ് ഹെയ്‌സല്‍വുഡ് (11) എന്നിങ്ങനെ സ്‌കോര്‍ ചെയ്തു. ഇന്ത്യക്കായി നടരാജനും താക്കൂറും വാഷിങ്ടണ്‍ സുന്ദറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജിനാണ് ഒരു വിക്കറ്റ്. 1-1ന് ഇരുവരും ഒപ്പം നില്‍ക്കുന്ന പരമ്പരയില്‍ ആസ്‌ട്രേലിയക്ക് പരമ്പര നേട്ടത്തിന് ജയം ആവശ്യമാണ്. എന്നാല്‍, സമനില കൊണ്ട് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്ക് നിലനിര്‍ത്താം.




















