റിയാദ്: കോവിഡ് സാഹചര്യത്തില്‍ ജീവനക്കാരുടെ ശമ്പളം കുറക്കാനും അവധി നീട്ടാനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന അനുമതി ഗവണ്‍മെന്റ് പിന്‍വലിച്ചു. ഇനി കരാര്‍ പ്രകാരം ആദ്യമുണ്ടായിരുന്ന ശമ്പളംതന്നെ നല്‍കണം. കോവിഡ് മഹാമാരി അതിജീവിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ആനുകൂല്യം വാങ്ങുന്നവര്‍ തൊഴിലാളിയെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി പിരിച്ചുവിടരുതെന്ന് നേരത്തേ ഉത്തരവിറക്കിയിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയാണ് സ്ഥാപനങ്ങള്‍ നേരിട്ടത്. ഈ സാഹചര്യത്തിലാണ് സൗദി തൊഴില്‍ നിയമത്തില്‍ ആര്‍ട്ടിക്ള്‍ 41 ആയി ശമ്പളം വെട്ടിക്കുറക്കാനും അവധി നീട്ടാനും അനുവദിക്കുന്ന പുതിയ നിയമം ചേര്‍ത്തിരുന്നത്. അതായത്, ഇതുപ്രകാരം ജീവനക്കാരും തൊഴിലുടമകളും തമ്മിലുള്ള കരാറില്‍ താല്‍ക്കാലിക മാറ്റങ്ങള്‍ വരുത്താം. തൊഴിലാളിയുടെ ശമ്പളം വെട്ടിക്കുറക്കുകയും നിര്‍ബന്ധിത അവധി നല്‍കുകയും ചെയ്യാമായിരുന്നു. ഒപ്പം തൊഴില്‍ സമയം കുറക്കാനും അതനുസരിച്ച് ശമ്പളം കുറക്കാനും അനുവാദമുണ്ടായിരുന്നു.
ഈ നിയമമാണ് ഇപ്പോള്‍ പിന്‍വലിച്ചത്. 2020 ഏപ്രില്‍ 20ന് പ്രഖ്യാപിച്ച ഈ വകുപ്പ് ഇനിയുണ്ടാകില്ല. കരാര്‍ പ്രകാരമുള്ള പഴയ ശമ്പളം പുനഃസ്ഥാപിക്കണം. നിര്‍ബന്ധിച്ച് തൊഴില്‍ സമയം കുറക്കാനോ നിര്‍ബന്ധിത അവധി നല്‍കാനോ പാടില്ല. കോവിഡ് സാഹചര്യത്തില്‍ പ്രതിസന്ധിയിലായ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. ഇത് സ്വീകരിച്ച കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടരുതെന്ന നിബന്ധന നേരത്തേയുണ്ട്. നിലവില്‍ സാമ്പത്തിക പ്രത്യാഘാതം കുറഞ്ഞുവെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം.



















