ഡല്‍ഹി: കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കം കുറിക്കാന്‍ മണിക്കൂറുകള്‍ മാത്രം. 10.30 ന്
പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ പദ്ധതി വെര്‍ച്വലായി ഉദ്ഘാടനം ചെയ്യും. വാക്‌സിന്‍ സ്വീകരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ ചിലരുമായും കുത്തിവെപ്പ് കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി സംവദിക്കും. വാക്‌സിന്‍ നടപടിക്രവുമായി ബന്ധപ്പെട്ട കോവിന്‍ ആപ്പിന്റെ പ്രവര്‍ത്തനോദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
വാക്‌സിന്‍ വിതരണം, കോ-വിന്‍ ആപ്പ് എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാനുള്ള കോള്‍ സെന്ററുകള്‍ക്കും തുടക്കമിടും. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 3006 ബൂത്തികളിലാണ് വാക്‌സിനേഷന്‍. മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിനേഷന്‍. രണ്ടാം ഘട്ടത്തില്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗവ്യാപന സാധ്യത ഏറിയ 50 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും.
പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡും ഭാരത് ബയോടെകിന്റെ കോവാക്‌സിനുമാണ് ആദ്യം നല്‍കുന്നത്. 1.65 കോടി കോവിഷീല്‍ഡ്, കോവാക്‌സിന്‍ ഡോസുകളാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ 56 ലക്ഷം ഡോസ് കോവി ഷീല്‍ഡ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞു. ഡല്‍ഹിയില്‍ 75 കോവിഷീല്‍ഡ് വിതരണ കേന്ദ്രങ്ങളും 6 കോവാക്‌സിന്‍ കേന്ദ്രങ്ങളുമാണ് സജ്ജമാക്കിയിട്ടുള്ളത്.