തിരുവനന്തപുരം: എം ശിവശങ്കറിന്റെ കുറ്റകൃത്യങ്ങളിലെല്ലാം ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് പി.ടി തോമസ്. സ്വപ്‌നസുന്ദരിക്കൊപ്പം കറങ്ങിയപ്പോള്‍ തടയാന്‍ ഉളുപ്പില്ലായിരുന്നു. ലാവ് ലിന്‍ ഫയല്‍ ചോര്‍ത്തി തുടങ്ങിയതാണ് പിണറായി-ശിവശങ്കര്‍ ബന്ധമെന്ന് പി.ടി തോമസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലെ വിവാഹത്തില്‍ സ്വപ്‌ന പങ്കെടുത്തോ?എന്നും അദ്ദേഹം ചോദിച്ചു.ധൃതരാഷ്ട്രരെ പോലെ മുഖ്യമന്ത്രി പുത്രീവാത്സല്യത്താല്‍ നാടിനെ നശിപ്പിക്കരുതെന്ന് പി.ടി തോമസ് പറഞ്ഞു.
പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് പ്രതിപക്ഷത്തിനെ മുഖ്യമന്ത്രി മറുപടി നല്‍കി. പിടി തോമസിന് പിണറായിയെ മനസ്സിലായിട്ടില്ല. കുറേനാള്‍ ലാവ്‌ലിനില്‍ പ്രതിയാക്കാന്‍ നടന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആരുെടയും മുന്നില്‍ തലയുയര്‍ത്തി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്തിന്റെ അടിവേര് കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് പിണറായി വിജയന്‍ പറഞ്ഞു. അതിനാലാണ് കേന്ദ്രത്തിന് അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയത്. കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് വാര്‍ത്ത വന്നതോടെയാണ് ശിവശങ്കറിനെതിരെ നടപടി എടുത്തത്. സ്വര്‍ണക്കടത്ത് കേസില്‍ സിഎം രവീന്ദ്രനെ കുറ്റക്കാരനാകുന്നത് വികലമനസ്സിന്റെ വ്യാമോഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രവീന്ദ്രനെതിരെ ഒന്നും കണ്ടെത്തിയിട്ടില്ല. വിവരശേഖരണം മാത്രമാണ് നടക്കുന്നത്. എന്‍ഐഎ കുറ്റപത്രം പ്രതിപക്ഷം കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












