ഡല്‍ഹി: ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ റാലിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്കു നേരെ പോലീസിന്റെ ലാത്തിചാര്‍ജ്ജ്. കര്‍ഷകര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഹരിയാനയിലെ കര്‍ണാലിലെ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നിടത്തേക്കായിരുന്നു കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച്. സംഘര്‍ഷത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന മഹാപഞ്ചായത്ത് പരിപാടി റദ്ദാക്കി.
മുഖ്യമന്ത്രിയുടെ സമ്മേളന സ്ഥലവും വന്നിറങ്ങാനായി നിര്‍മ്മിച്ച ഹെലിപ്പാഡും കര്‍ഷകര്‍ കൈയ്യടക്കി. ഗ്രാമത്തിലെ കര്‍ഷകരുടെ യോഗത്തില്‍ പങ്കെടുക്കാനും സെപ്റ്റംബറില്‍ പാസാക്കിയ കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളെ കുറിച്ച് സംസാരിക്കാനുമായിരുന്നു മനോഹര്‍ ലാല്‍ ഖട്ടറിന്റെ തീരുമാനം. നൂറു കണക്കിന് കര്‍ഷകരാണ് ട്രാ്ക്ടറില്‍ കിസാന്‍ മഹാ പഞ്ചായത്ത് വേദിയിലേക്ക് എത്തിയത്. എന്നാല്‍ വേദി തകര്‍ത്തതില്‍ കര്‍ഷക സംഘടനകള്‍ക്കോ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കോ പങ്കില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.
പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമ്മേളനം തീരുമാനിച്ച ഗ്രാമത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ കര്‍ഷക സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ നടത്താന്‍ തീരുമാനിച്ച ട്രാക്ടര്‍ റാലിക്ക് ഹരിയാന സര്‍ക്കാര്‍ ആദ്യം അനുമതി നിഷേധിച്ചിരുന്നു.