ദോഹ: മൂന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ഖത്തര്‍ എയര്‍വേസ് വിമാനങ്ങള്‍ വീണ്ടും സൗദിക്ക് മുകളിലൂടെ പറക്കാന്‍ തുടങ്ങി.ആദ്യ വിമാനം വ്യാഴാഴ്ച രാത്രി സൗദിക്ക് മുകളിലൂടെ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബര്‍ഗിലേക്കാണ് പറന്നത്. ഖത്തര്‍ സമയം രാത്രി 8.45ന് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ക്യു.ആര്‍ 1365 വിമാനം ജിദ്ദ നഗരത്തിന് മുകളിലൂടെ ആഫ്രിക്കയിലേക്ക് പറന്നു. തങ്ങളുടെ നിരവധി വിമാനങ്ങള്‍ സൗദി വ്യോമപാതയിലൂടെ വഴിതിരിച്ചുവിടുമെന്നും അതിനുള്ള ഷെഡ്യൂളുകള്‍ പൂര്‍ത്തിയായെന്നും ഖത്തര്‍ എയര്‍വേസ് അധികൃതര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
2017 ജൂണില്‍ സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഖത്തറുമായി അവസാനിപ്പിച്ച നയതന്ത്ര ബന്ധം ഇക്കഴിഞ്ഞ ചൊവ്വാഴ്ച വടക്കുപടിഞ്ഞാറന്‍ സൗദിയിലെ അല്‍ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയിലാണ് പുനഃസ്ഥാപിച്ചത്.ഉച്ചകോടിയുടെ തലേന്ന് രാത്രിയില്‍തന്നെ ഇരു രാജ്യങ്ങളുടെയും കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മൂന്നര വര്‍ഷമായി കടല്‍, കര, വ്യോമ അതിര്‍ത്തികള്‍ അടച്ച് ഖത്തറിന് പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അല്‍ഉല ഉച്ചകോടിയില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം ഈ രാജ്യങ്ങളെല്ലാം ഖത്തറുമായുള്ള ഉപരോധം അവസാനിപ്പിച്ചു. ഇതോടെ ഖത്തറുമായി നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള നടപടി സൗദി ആരംഭിച്ചു.




















