തിരുവനന്തപുരം: വാളയാര്‍ കേസില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പ്രതികള്‍ക്കൊപ്പമാണെന്ന് ഉമ്മന്‍ചാണ്ടി. രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിട്ടും സര്‍ക്കാരും പോലീസും പ്രതികള്‍ക്ക് അനുകൂലമായി നിലപാടാണ് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്നലെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അതേസമയം സര്‍ക്കാര്‍ കുടുംബത്തോടൊപ്പം എന്നു പറയുമ്പോഴും അത് പ്രവര്‍ത്തിയിലില്ലെന്ന് കുട്ടികളുടെ അമ്മ അപേക്ഷ നല്‍കിയതിന് ശേഷം പറയുകയുണ്ടായി. അന്വേഷണത്തിന് ഹൈക്കോടതിയുടെ മേല്‍നോട്ടം വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരായി സംസ്ഥാന സര്‍ക്കാരും പെണ്‍കുട്ടികളുടെ ബന്ധുക്കളും നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.