ഷാര്‍ജ: എല്ലാ ടൂറിസം പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി ഷാര്‍ജയില്‍ നിര്‍ത്തിവെച്ച മരുഭൂമി സഫാരി പുനരാരംഭിക്കുന്നു. കോവിഡ് സുരക്ഷ മാനദണ്ഡങ്ങളും പൊലീസ് മുന്നറിയിപ്പുകളും കൃത്യമായി പാലിച്ചുവേണം മരുഭൂമിയിലേക്കിറങ്ങാന്‍. ടൂര്‍ ഓപറേറ്റര്‍മാര്‍ നടപ്പാക്കേണ്ട സുരക്ഷ നടപടികള്‍ വ്യക്തമാക്കുന്ന ഗൈഡ് ഷാര്‍ജ കോമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (എസ്.സി.ടി.ഡി.എ) പുറത്തിറക്കി.
നിയമപ്രകാരം, ഏതെങ്കിലും തരത്തിലുള്ള വിട്ടുമാറാത്ത അസുഖങ്ങളോ ശ്വാസകോശ സംബന്ധമായ രോഗങ്ങളോ ഉള്ളവര്‍ മരുഭൂ പര്യടനങ്ങള്‍ ഒഴിവാക്കണം. ശുചിത്വവും അണുനശീകരണ നടപടികളും പാലിക്കേണ്ടതുണ്ട്. യാത്രക്കാരും ഡ്രൈവര്‍മാരും ഉള്‍പ്പെടെ എല്ലാവര്‍ക്കുമായി പരിശോധനകളും താപനില പരിശോധനയും നടത്തണം. വാഹനത്തിനുള്ളില്‍ ഭക്ഷണപാനീയങ്ങള്‍ അനുവദനീയമല്ല. ഓരോ എസ്.യു.വിയിലും സുരക്ഷ നടപടികളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കണം. വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും സമഗ്രമായ അണുവിമുക്തമാക്കല്‍ നടപ്പാക്കണം -എസ്.സി.ടി.ഡി.എ അറിയിച്ചു.